നസ്‌റുദ്ദീന്‍ വി ജെ

മക്ക: കോടിക്കണക്കിന് മുസ്ലിംകളുടെ ഹൃദയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഭൂമിയിലെ ഏറ്റവും വിശുദ്ധമായ ജലാശയമാണ് മക്കയിലെ മസ്ജിദുല്‍ ഹറാമിലുള്ള സംസം കിണര്‍. ഈ പുണ്യനഗരത്തിലേക്ക് ഒഴുകിയെത്തുന്ന ഓരോ ഹജ്ജ്, ഉംറ തീര്‍ഥാടകന്റെയും പ്രധാന ആശ്രയവും ആത്മീയ ദാഹശമനിയുമാണ് ഇന്നും വറ്റാതെ നിലകൊള്ളുന്ന വിശുദ്ധ തീര്‍ഥം. ഹറം പള്ളിയുടെ മത്വാഫ് പ്രദേശത്താണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. 30 മീറ്റര്‍ ആഴമുള്ള കിണറിന്റെ 12.80 മീറ്റര്‍ ഭാഗം മനുഷ്യനിര്‍മ്മിതവും, ബാക്കി 17.20 മീറ്റര്‍ ഭാഗം മലയുടെ പാറ വെട്ടിത്തുരന്ന് ഉണ്ടാക്കിയതുമാണ്. കിണറിന്റെ വീതി ആഴത്തിനനുസരിച്ച് 1.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും കാലത്തോളം സംസം കിണറിന്റെ ചരിത്രത്തിന് പഴക്കമുണ്ട്. പച്ചപ്പോ വെള്ളമോ ഇല്ലാത്ത വിജനമായ മരുഭൂമിയില്‍ ഇബ്രാഹിം നബി ഭാര്യ ഹാജറയെയും മകന്‍ ഇസ്മായിലിനെയും അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം താമസിപ്പിച്ചു. കുഞ്ഞിന് കുടിക്കാന്‍ വെള്ളമില്ലാതെ ദാഹിച്ചു വലഞ്ഞപ്പോള്‍ അമ്മ ഹാജറ സഫാ-മര്‍വ കുന്നുകള്‍ക്കിടയിലൂടെ വെള്ളത്തിനായി ഓടി. ഈ സമയം ജിബ്‌രീല്‍ എന്ന മാലാഖ കാല്‍പാദം കൊണ്ട് മണ്ണില്‍ അടിച്ചതിനെ തുടര്‍ന്നാണ് അനുഗ്രഹീതമായ സംസം നീരുറവ പൊട്ടിയൊഴുകിയത്. അന്ന് മുതല്‍ ഇന്നുവരെ ഈ കിണര്‍ ലോകത്തിന് ദിവ്യകാരുണ്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. ഭൂമിയിലെ ഏറ്റവും മികച്ച വെള്ളം സംസം ആണെന്നും, അത് വിശപ്പടക്കുന്ന ഭക്ഷണവും രോഗങ്ങളെ സുഖപ്പെടുത്തുന്ന ഔഷധവുമാണെന്നു പ്രവാചകന്‍ സംസം ജലത്തിന്റെ വിശുദ്ധിയെ വിശേഷിപ്പിച്ചിട്ടുണ്ട്.

ചരിത്രത്തിലുടനീളം സംസം കിണറിനെ സംരക്ഷിക്കാനും ആധുനികവല്‍ക്കരിക്കാനും സഊദി ഭരണാധികാരികള്‍ ഏറ്റവും മികച്ച പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്. ഹിജ്‌റ 1373ല്‍ കിങ് അബ്ദുല്‍ അസീസ് രാജാവാണ് കിണറ്റില്‍ ആധുനിക പമ്പുകള്‍ സ്ഥാപിച്ച് വെള്ളം ശേഖരിച്ചു തുടങ്ങിയത്. ഇതിനുചുറ്റും 12 ടാപ്പുകള്‍ വഴി സംസം വിതരണം ചെയ്യാനുമുള്ള ആദ്യ ആധുനിക സംവിധാനവും ഒരുക്കി. പിന്നീട് ഹിജ്‌റ 1382ല്‍ കിങ് സഊദ് രാജാവിന്റെ ഭരണകാലത്ത് മത്വാഫ് പ്രദേശം വികസിപ്പിക്കുന്നതിനായി കിണറിന് ചുറ്റുമുണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ നീക്കം ചെയ്തത്. കിണറിനെ മത്വാഫിന് താഴെയുള്ള ബേസ്‌മെന്റിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ബക്കറ്റ് ഉപയോഗിച്ച് വെള്ളം കോരുന്ന രീതി അവസാനിച്ച് പൂര്‍ണ്ണമായും ടാപ്പുകളിലേക്ക് മാറ്റി.

ഹിജ്‌റ 1399ല്‍ കിങ് ഖാലിദ് രാജാവ് വിദഗ്ദ്ധരെ ഉപയോഗിച്ച് അത്യാധുനിക രീതിയില്‍ സംസം കിണര്‍ ശുചീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ശുചീകരണത്തിന് ശേഷം കിണറ്റിലെ നീരുറവകള്‍ കൂടുതല്‍ ശക്തമായി. ഹിജ്‌റ 1424ല്‍ കിങ് ഫഹദ് രാജാവിന്റെ കാലത്ത് തീര്‍ഥാടകര്‍ക്ക് പ്രദിക്ഷണത്തിനും പ്രാര്‍ഥനയ്ക്കും കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്നതിനായി കിണറിന്റെ മുകള്‍ഭാഗം പൂര്‍ണ്ണമായും മൂടുകയും പ്രവേശന കവാടങ്ങള്‍ സുരക്ഷിതമാക്കുകയും ചെയ്തു. പിന്നീട് വന്ന കിങ് അബ്ദുള്ള രാജാവ് സംസം വെള്ളം ശുദ്ധീകരിക്കുന്നതിനും ഓട്ടോമേറ്റഡ് നിയന്ത്രണ സംവിധാനങ്ങളോടെ കുപ്പികളില്‍ നിറച്ച് വിതരണം ചെയ്യുന്നതിനും അത്യാധുനിക പ്ലാന്റും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്‌റ്റേഷനും സ്ഥാപിച്ചു.
ഇരുഹറമുകളുടെയും സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നിലവിലെ ഭരണകാലത്ത് സംസം പദ്ധതികളുടെ നവീകരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. കിണറും പരിസരവും അണുമുക്തമാക്കുന്നതിന്റെയും പാരിസ്ഥിതിക പരിശോധനകളുടെയും അവസാന ഘട്ടം അദ്ദേഹം പൂര്‍ത്തിയാക്കി. സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പൈപ്പുകളിലൂടെ രണ്ട് ഭീമന്‍ പമ്പുകള്‍ ഉപയോഗിച്ചാണ് കിണറ്റില്‍ നിന്ന് വെള്ളം ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിക്കുന്നത്. അവിടെയുള്ള അത്യാധുനിക ഫില്‍ട്ടറേഷന്‍, അണുമുക്തമാക്കല്‍ പ്രക്രിയകള്‍ക്ക് ശേഷമാണ് പൂര്‍ണ്ണമായ ശുദ്ധിയോടെ സംസം തീര്‍ഥം മസ്ജിദുല്‍ ഹറാമിലെയും മദീനയിലെ പ്രവാചക മസ്ജിദിലെയും കോടിക്കണക്കിന് തീര്‍ഥാടകരിലേക്ക് ദിവസേന എത്തിക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






