Sauditimesonline

farewell to viresh 00
വിജേഷ് ആരേഴിക്ക് യാത്രയയപ്പ്

കേളി സോക്കര്‍: കെ.എം.സി.സിയെ കീഴടക്കി സോഫ ഗ്രൂപ്പ് ചാമ്പ്യന്മാര്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അല്‍ ഖര്‍ജ് ഏരിയ സംഘടിപ്പിച്ച ‘കേളി സോക്കര്‍-2026’ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ ഖര്‍ജ് സോഫ ഗ്രൂപ്പ് ചാമ്പ്യന്മാര്‍. അല്‍ ഖര്‍ജ് ആലിയ ഗ്രൗണ്ടില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അല്‍ ഖര്‍ജ് ടൗണ്‍ കെ.എം.സി.സിയെ കീഴടക്കിയാണ് സോഫ ഗ്രൂപ്പ് കിരീടമണിഞ്ഞത്.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഫാല്‍ക്കണ്‍ എഫ്.സി, അല്‍ ഖര്‍ജ് സോഫ ഗ്രൂപ്പ്, ഖരിയ ബ്രോസ്റ്റഡ് കെ.എം.സി.സി, അല്‍ ഖര്‍ജ് നൈറ്റ് റൈഡേഴ്‌സ്, പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം, വേള്‍ഡ് മലയാളി ഫെഡറേഷന്‍ തുടങ്ങി പ്രമുഖരായ ആറു ടീമുകളാണ് മാറ്റുരച്ചത്. വ്യാഴാഴ്ച രാത്രി 10ന് ആരംഭിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ 5 വരെ നീണ്ട പോരാട്ടങ്ങള്‍ പ്രവാസി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി.

ആദ്യ സെമിയില്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറത്തിനെ 31ന് തകര്‍ത്താണ് കെ.എം.സി.സി ഫൈനലില്‍ കടന്നത്. രണ്ടാം സെമിയില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ അല്‍ ഖര്‍ജ് നൈറ്റ് റൈഡേഴ്‌സിനെ 42ന് വീഴ്ത്തിയാണ് സോഫ ഗ്രൂപ്പ് കലാശപ്പോരിന് യോഗ്യത നേടിയത്. ഷെറീഫ്, സമദ്, റാസിക്ക് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍ കൂവോട് അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങില്‍ ജേതാക്കളായ സോഫ ഗ്രൂപ്പിന് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍ ട്രോഫിയും ഏരിയ സെക്രട്ടറി ഷബി അബ്ദുല്‍സലാം ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി കേന്ദ്ര കമ്മിറ്റി അംഗം ലിപിന്‍ പശുപതിയും ക്യാഷ് അവാര്‍ഡ് ഏരിയ ട്രഷറര്‍ ജയന്‍ പെരുനാടും കൈമാറി.

സൈതലവി മുംതാസ്, ഡോ. നാസര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കേളി രക്ഷാധികാരി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, സെക്രട്ടേറിയറ്റ് അംഗങ്ങളായ രജീഷ് പിണറായി, കാഹിം ചേളാരി തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. റഷീദലി (കണ്‍വീനര്‍), അബ്ദുള്‍ കലാം (ചെയര്‍മാന്‍), ഗോപാല്‍ ചെങ്ങന്നൂര്‍ (സാമ്പത്തിക കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘാടക സമിതിയാണ് മത്സരങ്ങള്‍ ഏകോപിപ്പിച്ചത്. ഏരിയ സെക്രട്ടറി ഷബി അബ്ദുല്‍സലാം സ്വാഗതവും ജ്യോതിലാല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top