
റിയാദ്: പ്രവാസി സമൂഹത്തിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ ഇടപെടലുകള്‍ക്കും ഊര്‍ജം പകര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു കെ.യു. ഇഖ്ബാലെന്ന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളെയും സംഘടനകളെയും കണ്ടെത്തി പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ജീവകാരുണ്യ രംഗത്ത് ക്രിയാത്മകമായി ഇടപെടുന്നവരെ പ്രോത്സാഹിപ്പിക്കുകയും പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കുകയും ചെയ്ത ഇഖ്ബാല്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജീവകാരുണ്യ പ്രവര്ത്തകന് തെന്നല മൊയ്തീന്‍കുട്ടി പറഞ്ഞു.
എഴുത്തുകാര്‍, കലാകാരന്മാര്, സാമൂഹിക പ്രവര്‍ത്തകര്‍, സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിഭകളെ സമൂഹത്തിന് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രത്യേക താല്പര്യം കാണിച്ചു. പുതിയ പ്രതിഭകള്‍ക്ക് ആത്മവിശ്വാസവും അംഗീകാരവും നേടിക്കൊടുക്കാന്‍ മാധ്യമപ്രവര്‍ത്തനത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും യോഗം അനുസ്മരിച്ചു.

റിംഫ് ട്രഷറര്‍ സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, കേളി മീഡിയ കണ്‍വീനര്‍ പ്രദീപ് ആറ്റിങ്ങല്‍, അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ. ജലീല്‍, സുധീര്‍ കുമ്മിള്‍, സിദ്ദീഖ് കല്ലുപറമ്പന്, ഷംനാദ് കരുനാഗപ്പള്ളി, വി.ജെ. നസറുദ്ദീന്‍, ജയന് കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്മാന്, ഷിബു ഉസ്മാന്, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






