
റിയാദ്: പ്രവാസി സംഘടനകളും മാധ്യമങ്ങളും തമ്മിലുള്ള ബന്ധവും ആശയവിനിമയവും ശക്തിപ്പെടുത്താന്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) മാധ്യമ ശില്‍പശാല സംഘടിപ്പിക്കുന്നു. ‘റിംഫ് കണക്ട് കമ്മ്യൂണിറ്റി’ എന്ന പേരിലുള്ള ശില്‍പശാല നവംബര്‍ 26 വ്യാഴം രാത്രി ഏഴിന് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

‘റിംഫ് ടോക്ക്’ സംവാദ പരമ്പരയുടെ ഭാഗമായാണ് പരിപാടി. പ്രവാസി സംഘടനകളുടെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശില്‍പശാലയില്‍ വിശദീകരിക്കും. സംഘടനാ പ്രവര്‍ത്തനങ്ങളിലെ വാര്‍ത്താ പ്രാധാന്യം, മാധ്യമസൗഹൃദം, വാര്‍ത്തകളിലെ വിശ്വാസ്യത, ആധികാരികത തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

റിയാദിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. സംഘടനാ ഭാരവാഹികള്‍ക്കും മീഡിയ കോഓര്‍ഡിനേറ്റര്‍മാര്‍ക്കും ശില്‍പശാല ഏറെ പ്രയോജനകരമാകുമെന്ന് റിംഫ് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






