
കണ്ണൂര്‍: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ജീവനക്കാരന്റെ നഷ്ടപരിഹാരത്തുക തട്ടിയെടുത്തുവെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് പ്രവാസി വ്യവസായി കണ്ണൂര്‍ സബ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. റിയാദ് വില്ലാസ് സ്ഥാപകനും സി.ഇ.ഒയുമായ കണ്ണൂര്‍ അഴീക്കോട് സ്വദേശി സൂരജ് എന്‍.കെ പവര്‍ ഓഫ് അറ്റോര്‍ണി മുഖേന സഹോദരന് ശ്രീജിത്ത് എന്‍.കെ വഴിയാണ് ഹര്‍ജി നല്‍കിയത്. മരിച്ച ജീവനക്കാരന് നവീന്‍ കെ.പിയുടെ സഹോദരി അഴീക്കോട് സ്വദേശി രേഖ അജയ്, ഓണ്‍ലൈന്‍ മാധ്യമപ്രവര്ത്തകന് യദു ഡി. നാരായണന് എന്നിവരാണ് പ്രതികള്‍. മാനനഷ്ടവും മാനസിക വിഷമവും ചൂണ്ടിക്കാട്ടി പത്ത് കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2011 ഡിസംബറിലാണ് അഴീക്കോട് സ്വദേശി നവീന്‍ കെ.പിയെ കമ്പനിയില്‍ പ്രോജക്ട് കോഓര്‍ഡിനേറ്ററായി നിയമിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. 2012 നവംബര്‍ 15ന് സൗദിയില്‍ വാഹനാപകടത്തില്‍ നവീന്‍ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനും ശമ്പളവും വ്യക്തിഗത വസ്തുക്കളും കുടുംബത്തിന് കൈമാറാനും കമ്പനി നടപടികള്‍ സ്വീകരിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയായ തവൂനിയയില് നിന്ന് മരിച്ച നവീന്റെ പേരില്‍ ഒരു ലക്ഷം റിയാലിന്റെ നഷ്ടപരിഹാര ചെക്ക് ലഭിച്ചെന്നും, ഇത് നോര്‍ക്ക കണ്‍സള്‍ട്ടന്റ് വഴി റിയാദിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മരിച്ചയാളുടെ പേരിലുള്ള ചെക്കായതിനാലും കാലാവധി കഴിഞ്ഞതിനാലും ഇത് മാറാന്‍ സാധിച്ചില്ല.

എംബസിക്ക് പുതിയ ചെക്ക് നല്‍കണമെന്ന ആവശ്യവും അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട നടപടികളുമാണ് തുക കൈമാറുന്നതില്‍ കാലതാമസമുണ്ടാക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടി.
കഴിഞ്ഞ നവംബര്‍ എട്ടിനും പന്ത്രണ്ടിനും ഫെയ്സ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വീഡിയോകള്‍ പ്രസിദ്ധീകരിച്ചെന്നാണ് പരാതി. സ്വര്‍ണക്കടത്ത് ആരോപണങ്ങളും നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന പ്രചാരണവും വ്യാജമാണെന്നും, 2025 മാര്‍ച്ചില്‍ കേരള സര്‍ക്കാര്‍ റിയാദ് എംബസിക്ക് അയച്ച കത്തില്‍ പോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് നവംബര്‍ പത്തിന് ജില്ലാ പോലീസ് മേധാവിക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയിരുന്നു.
മാനനഷ്ടത്തിന് എട്ട് കോടി രൂപയും മാനസിക പ്രയാസത്തിന് രണ്ട് കോടി രൂപയും ഉള്‍പ്പെടെ പത്ത് കോടി രൂപ നഷ്ടപരിഹാരവും, അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും തുടര്‍പ്രചാരണങ്ങള്‍ തടയാനും സ്ഥിരമായ വിലക്കുകൊണ്ടുവരണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. അഡ്വ. എം. കിഷോര്‍ കുമാര്‍, സീന പി., അശ്വതി ദിഗേഷ് സി. എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






