Sauditimesonline

thangal
സൗഹാര്‍ദത്തിന്റെ സാരഥിക്ക് സീതി സാഹിബ് സ്മാരക പുരസ്‌കാരം

സൗഹാര്‍ദത്തിന്റെ സാരഥിക്ക് സീതി സാഹിബ് സ്മാരക പുരസ്‌കാരം

ബാദ്ഷ ഇ കെ

ജിദ്ദ: നിയമസഭാ മുന്‍ സ്പീക്കറും മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്ന കെ.എം. സീതി സാഹിബ് സ്മാരക പുരസ്‌കാരം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

മതസൗഹാര്‍ദത്തിനും സമുദായ ഐക്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് തങ്ങളെ തിരഞ്ഞെടുത്തത്. ജൂറി ചെയര്‍മാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, അംഗങ്ങളായ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ. മജീദ്, രാഷ്ട്രീയ ചരിത്രകാരന്‍ എം.സി. വടകര, ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ നിശ്ചയിച്ചത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ, വിദ്യാഭ്യാസ പുരോഗതിക്കായി നിലകൊണ്ട നവോത്ഥാന നേതാവായിരുന്നു സീതി സാഹിബ്. ഫാറൂഖ് കോളജ്, എറണാകുളം കെ.എം.ഇ.എ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചന്ദ്രിക ദിനപത്രം, എം.എസ്.എഫ്, എസ്.ടി.യു എന്നീ പ്രസ്ഥാനങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. നിയമപണ്ഡിതനായിരുന്ന അദ്ദേഹം ലോ കോളജ് വിദ്യാര്‍ഥിയായിരിക്കെ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനായും ശ്രദ്ധ നേടിയിരുന്നു.

സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ സൗഹൃദ സംഗമങ്ങള്‍ ശ്രദ്ധേയമായ സാമൂഹിക ഇടപെടലായി ജൂറി വിലയിരുത്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍, എം.ഇ.എ എന്‍ജിനീയറിങ് കോളജ് ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥിയുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ തങ്ങള്‍ നിലവില്‍ മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top