Sauditimesonline

PRAVASI
പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു

സൗദി ഹൗസ് ഡ്രൈവര്‍ വിസക്ക് ഇനി തൊഴില്‍ പരീക്ഷ നിര്‍ബന്ധം

മുംബൈ: സൗദി അറേബ്യയിലേക്ക് പുതിയ ഹൗസ് ഡ്രൈവര്‍ വിസയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശോധന നിര്‍ബന്ധം. ഓഗസ്റ്റ് 4 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴില്‍ മികവും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിന് ‘സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം’ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തെ ഗാര്‍ഹിക മേഖലയിലെ തൊഴില്‍ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൗസ് ഡ്രൈവര്‍ തസ്തികയും പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മധുര ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാം.

തൊഴില്‍ മന്ത്രാലയത്തിന്റെ ‘മുസാനെദ്’ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന വിസ സ്റ്റാമ്പിങ്, ഇ-എന്‍ഡോഴ്‌സ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ അപേക്ഷകര്‍ നിര്‍ബന്ധമായും നൈപുണ്യ പരീക്ഷ പാസാകണം. പരീക്ഷ ജയിക്കാത്ത തൊഴിലന്വേഷകര്‍ക്ക് വിസ സ്റ്റാമ്പിങ് നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല.

വിസ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ നൈപുണ്യ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഉറപ്പുവരുത്തണം. ഇതിനായി സൗദി കോണ്‍സുലേറ്റ് പുറപ്പെടുവിച്ചിട്ടുള്ള കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. സൗദിയില്‍ തൊഴില്‍ കണ്ടെത്തുന്നതിന് പല തസ്തികകള്‍ക്കും സ്‌കില്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരുന്നുവെങ്കിലും ഹൗസ് ഡ്രൈവര്‍ തസ്തിക ഉള്‍പ്പെടുത്തുന്നത് ആദ്യമായാണ്. തൊഴില്‍ തട്ടിപ്പുകള്‍ തടയുന്നതിനും യോഗ്യരായ തൊഴിലാളികളെ മാത്രം രാജ്യത്തേക്ക് എത്തിക്കുന്നതിനും പുതിയ തീരുമാനം സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top