Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

ചെക്കിലെ തിരുത്തലുകൾക്ക് ഇനി ഒപ്പിട്ടാലും പണം കിട്ടില്ല; സിടിഎസ് നിയമങ്ങൾ കർശനമാക്കി ബാങ്കുകൾ

ഞാന്‍ റിയാദില്‍ ജോലി ചെയ്യുന്ന പ്രവാസിയാണ്. എന്റെ സുഹൃത്ത് മറ്റൊരാള്‍ക്ക് നല്‍കിയ ചെക്ക് നാട്ടിലെ ബാങ്ക് മടക്കി. ‘Alterations on Instrument other than Date field Alteration correction are prohibited under CTS’ എന്നാണ് കാരണമായി ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ചെക്കിലെ തുക എഴുതിയപ്പോള്‍ ഒരു അക്ഷരത്തില്‍ വന്ന പിശക് വെട്ടി ശരിയാക്കിയിരുന്നു. മുന്‍പൊക്കെ ഇങ്ങനെ സംഭവിച്ചാല്‍ തിരുത്തി അവിടെ ഒപ്പിട്ടാല്‍ ബാങ്കുകള്‍ പണം നല്‍കിയിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് ചെക്ക് നിരസിക്കപ്പെട്ടത്? ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്?
പികെ ഷാജി, റിയാദ്.

ചെക്ക് ബാങ്ക് നിരസിച്ചതുമായി ബന്ധപ്പെട്ട ആശങ്ക തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ബാങ്കിന്റെ നടപടി നിലവിലുള്ള നിയമപ്രകാരം പൂര്‍ണ്ണമായും ശരിയാണ്. ചെക്ക് നിരസിക്കാനുളള കാരണം ഇതാണ്: ‘തീയതി ഒഴികെയുള്ള വിവരങ്ങളില്‍ വരുത്തുന്ന തിരുത്തലുകള്‍ CTS (ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം) പ്രകാരം നിരോധിച്ചിരിക്കുന്നു.’ എന്നാണ് ബാങ്ക് കാരണമായി വ്യക്തമാക്കിയിട്ടുളളത്.

മുന്‍കാലങ്ങളില്‍ ബാങ്ക് ചെക്ക് ക്ലിയറാകാന്‍ യഥാര്‍ത്ഥ ചെക്ക് തന്നെ മറ്റൊരു ബാങ്കിലേക്ക് അയക്കണമായിരുന്നു. എന്നാല്‍ പുതിയ ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം സാങ്കേതികവിദ്യ പ്രകാരം, ചെക്കിന്റെ ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ ചിത്രങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ തമ്മില്‍ കൈമാറുന്നത്. ഈ ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ വഴിയാണ് പരിശോധിക്കപ്പെടുന്നത്.

വ്യാജ ചെക്കുകള്‍ നിര്‍മ്മിച്ച് പണം തട്ടുന്നത് തടയുന്നതിനായി റിസര്‍വ് ബാങ്ക് ചെക്കുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തിരുത്തലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മുന്‍പ് ചെക്കില്‍ എന്തെങ്കിലും തിരുത്തിയാല്‍ അതിനടുത്ത് അക്കൗണ്ട് ഉടമ ഒരു ‘കൗണ്ടര്‍ സൈന്‍’ ഇട്ടാല്‍ ബാങ്കുകള്‍ അത് സ്വീകരിക്കുമായിരുന്നു. പുതിയ സിടിഎസ് 2010 മാനദണ്ഡങ്ങള്‍ പ്രകാരം ചെക്കിന്റെ തീയതി തിരുത്തുന്നതിന് മാത്രമാണ് ഒപ്പിട്ട് നല്‍കിയാല്‍ അനുമതിയുള്ളൂ.
പണം സ്വീകരിക്കുന്ന ആളുടെ പേര്, കൊടുക്കേണ്ട തുക അക്കങ്ങളില്‍ എഴുതുന്നത്, കൊടുക്കേണ്ട തുക വാക്കുകളില്‍ എഴുതുന്നത് എന്നിവയില്‍ തിരുത്തലുകളോ ഒന്നിന് മുളില്‍ മറ്റൊന്നായി എഴുതുകയോ ചെയ്താല്‍ ചെക്ക് പാസാകില്ല.

ചെറിയൊരു തിരുത്തല്‍ പോലും ചെക്ക് പൂര്‍ണ്ണമായും ഉപയോഗശൂന്യമാകാന്‍ കാരണമാകും. അതുകൊണ്ട് പണം നല്‍കാനുള്ള വ്യക്തിക്ക് യാതൊരു തിരുത്തലും ഇല്ലാത്ത പുതിയ ചെക്ക് എഴുതി നല്‍കുക എന്നതാണ് ഇതിനുള്ള ഒരേയൊരു വഴി. പുതിയ ചെക്ക് എഴുതുമ്പോള്‍ അക്ഷരത്തെറ്റ്, ഓവര്‍റൈറ്റിംറ്റ്, തിരുത്ത് എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top