നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച പ്രീമിയം ഇഖാമക്ക് അര്‍ഹരായവരുടെ വിവരങ്ങള്‍ പ്രീമിയം റെസിഡന്‍സി സെന്റര്‍ പ്രഖ്യാപിച്ചു. 19 രാജ്യങ്ങളില്‍ നിന്നുളള 73 പേര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് മാതൃകയിലുളള താമസാനുമതി രേഖ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുളളവരാണ് പ്രിവിലെജ് ഇഖാമക്ക് അര്‍ഹത നേടിയത്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച ആയിരത്തില്‍പരം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പ്രിവിലെജ് ഇഖാമ വിതരണം ചെയ്യുക. മറ്റു അപേക്ഷകരുടെ വിവരങ്ങള്‍ വിശകലനം ചെയ്തു വരുകയാണെന്നും അര്‍ഹരായവര്‍ക്ക് അടുത്ത ഘട്ടത്തില്‍ ഇഖാമ വിതരണം ചെയ്യുമെന്നും പ്രീമിയം റെസിഡന്‍സി സെന്റര്‍ വ്യക്തമാക്കി.
ആഭ്യന്തരമന്ത്രാലയം ആരംഭിച്ച saprc.gov.sa വെബ് സൈറ്റ് വഴി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് പ്രീമിയം ഇഖാമ അനുവദിച്ചത്. പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്കുള്ള പ്രധാന ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്‌പോണ്‍സര്‍മാരുടെ ആവശ്യം ഇല്ല. ഇത് വിദേശികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. സംരംഭം തുടങ്ങുന്നതിനും ഇഷ്ടമുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനും ഇവര്‍ക്ക് അവകാശം ഉണ്ട്. കുടുംബാംഗങ്ങള്‍ക്ക് വിസ നേടുന്നതിനും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിനും പ്രീമിയം ഇഖാമ ഉടമകള്‍ക്ക് അനുമതി ലഭിക്കും.
വിഷന്‍ 2030ന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നാണ് പ്രീമിയം ഇഖാമ. ഇതുവഴി വന്‍ നിക്ഷേപ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.