ജനാധിപത്യ സംരക്ഷണം ന്യൂനപക്ഷങ്ങളുടെ മാത്രം ചുമതലയല്ല

റിയാദ്: ഇന്ത്യന്‍ ജനാധിപത്യ സംരക്ഷണം ന്യൂനപക്ഷങ്ങളുടെ മാത്രം ചുമതലയാണെന്ന തെറ്റായ സന്ദേശം കൈമാറ്റം ചെയ്യപെടുന്നുണ്ടെന്നു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്). ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് ഇന്ത്യന്‍ പൗരന്റെ കടമയാണെന്നും ഐസിഎഫ് റിയാദ് ഘടകം സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സൗഹാര്‍ദ്ദ സംഗമം അഭിപ്രായപ്പെട്ടു. തൊട്ടുകൂടായ്മ നിയമം മൂലം നിരോധിക്കപ്പെടേണ്ടി വന്ന ദൗര്‍ഭാഗ്യകരമായ ചരിത്രമാണ് നമ്മുടേത്. ഭൂരിപക്ഷ സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചു ഭേദഗതി വരുത്തി ഇത്തരം നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ ദളിതര്‍ അടക്കമുള്ളവരുടെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന ബോധ്യം ഉണ്ടാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

‘ഇന്ത്യ: സ്‌നേഹ റിപ്പബ്ലിക്’ എന്ന പ്രമേയത്തില്‍ നടന്ന സംഗമം അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ഷാഹിദ് അഹ്‌സനി തലകളത്തൂര്‍ (ഐസിഎഫ് റിയാദ്) മുഖ്യ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. രിസാലത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥി മുഹമ്മദ് നാദിര്‍ ദേശീയ ഗാനം ആലപിച്ചു

ഫൈസല്‍ കൊണ്ടോട്ടി (കേളി റിയാദ്), സത്താര്‍ താമരകത്ത് (കെഎംസിസി) അഹമ്മദ് ഫസല്‍ (ഐസിഎഫ് ന്യൂസനയ്യ സെക്ടര്‍), ബഷീര്‍ മുഹമ്മദിയ്യ (ഒലയ്യ സെക്ടര്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സെന്‍ട്രല്‍ അഡ്മിന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മാനിപുരം സ്വാഗതം പറഞ്ഞു.

Leave a Reply