
റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് വിദഗ്ദ ചികിത്സക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി ജെറി ജോര്‍ജ് (57) ആണ് മരിച്ചത്.

റമദാന്‍ 17ന് എക്‌സിറ്റ് 18 ലെ ഇസ്തംബൂള്‍ സ്ട്രീറ്റ് സിഗ്‌നലില്‍ ജെറി ഓടിച്ചിച്ചിരുന്ന വാഹനത്തിന് പിറകില്‍ മറ്റൊരു വാഹനം ഇടിച്ചു. ജെറിയുടെ വാഹനം മുന്നിലുള്ള വാഹനത്തില്‍ ഇടിച്ച് ഇരു വാഹനങ്ങള്‍ക്കുമിടയില്‍ അകപ്പെട്ടാണ് ജെറി ജോര്‍ജിന് ഗുരുത് പരിക്കേറ്റത്. അഗ്‌നിശമന സേന വാഹനം പൊളിച്ചാണ് ജെറിയെ പുറത്തെടുത്തത്.

ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ജെറി ഒരു മാസം അല്‍ ഇമാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ച ഡിസ്ചാര്‍ജ് വാങ്ങി നാട്ടില്‍ പോകുന്നതിന് എക്‌സിറ്റ് റീ എന്‍ട്രി വിസ നേടി കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വേര്‍പാട്.

റിയാദ് ബത്ഹ ആര്‍എംആര്‍ കാര്‍ഗോ കമ്പനിയില്‍ 6 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. പുനലൂര്‍ ചെമ്മന്തൂര്‍ മനാട്ട് വീട്ടില്‍ ജോര്‍ജ് ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സാറാമ്മ. ഏകമകള്‍: അലീന മറിയം. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
