റിയാദ്: തടവില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചനത്തിന് പ്രതീക്ഷ പകരുന്ന നടപടികള്‍ കോടതി ആരംഭിച്ചതായി സൂചന. ഇതിന്റെ ഭാഗമായി മരിച്ച സൗദി ബാലന്‍ അനസ് അല്‍ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണില്‍ ബന്ധപ്പെട്ടു. ശഹ്‌രി കുടുംബത്തിന്റെ അഭിഭാഷകന്‍ മുബാറക് അല്‍ ഖഹ്താനിയാണ് ഇക്കാര്യം റഹിം സഹായ സമിതിയെ അറിയിച്ചത്. റഹീമിന്റെ കുടുംബം പവര്‍ ഓഫ് അറ്റോര്‍ണിയായി നിയമിച്ച സിദ്ധിഖ് തുവ്വൂരും ഇതു സ്ഥിരീകരിച്ചു.
ദിയ ധനം തയ്യാറാണെന്നു അബ്ദുല്‍ റഹീമിന്റെ അഭിഭാഷകനും കുടുംബം മാപ്പ് നല്‍കാന്‍ സന്നദ്ധമാണെന്നു ശഹ്‌രി കുടുംബത്തിന്റെ അഭിഭാഷകനും ഏപ്രില്‍ 15ന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനസ് അല്‍ ശഹ്‌രിയുടെ കുടുംബത്തെ വിളിച്ച് ആധികാരികത ഉറപ്പുവരുത്തിയത്.
ദിയാധനം നല്‍കി മാപ്പ് നല്‍കാന്‍ സന്നദ്ധരാണെന്ന് മരിച്ച സൗദി ബാലന്റെ അനന്തരാവകാശികളും കൊടുക്കാന്‍ തയാറാണെന്ന് പ്രതിഭാഗവും ഒപ്പിവെക്കുന്ന അനുരഞ്ജ കരാര്‍ ഉണ്ടക്കുകയാണ് അടുത്ത നടപടിക്രമം. ഇത് റിയാദ് ഗവര്‍ണറേറ്റ് സാക്ഷ്യപ്പെടുത്തണം. കരാറില്‍ തുക ബാങ്ക് അകൗണ്ട് വഴിയാണോ സര്‍ട്ടിഫൈഡ് ചെക്കായോ നല്‍കണമെന്ന് വ്യക്തമാക്കും. അതനുസരിസരിച്ച് ഇന്ത്യന്‍ എംബസി തുക നല്‍കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിനുശേഷം കോടതി അന്തിമ വിധിയിലേയ്ക്കു കടക്കുക.
ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന കരാര്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ റഹീം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തില്‍ റിയാദില്‍ സ്റ്റിയറിങ് കമ്മറ്റി യോഗം ചേര്‍ന്നു. കേസ് പുരോഗതിയും നാട്ടില്‍ സമാഹരിച്ച തുക സൗദിയില്‍ എത്തിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തും. റഹീമിന്റെ മോചനമെന്ന ദീര്‍ഘ കാലത്തെ പ്രയത്‌നം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, മുനീബ് പാഴൂര്‍, സിദ്ധിഖ് തുവ്വൂര്‍, ഹര്‍ഷദ് ഹസ്സന്‍, മോഹി, ഷമീം, നവാസ് വെള്ളിമാട് കുന്ന്, സുധീര്‍ കുമ്മിള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.