റിയാദ്: റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മെയ് 8 വരെ മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷ താപം 17-25 ഡിഗ്രി സെല്‍ഷ്യാസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ ലഭിച്ചത്. അല്‍ ഖസീമിലെ ബുറൈദയില്‍ 17.5 മില്ലിമീറ്റര്‍ മഴ പെയ്തു. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്‍കി.
ഖാസിം, ബഹ, വടക്കന്‍ അതിര്‍ത്തികള്‍, ജൗഫ്, ജസാന്‍, അസീര്‍, മക്ക, മദീന, റിയാദ് മേഖലകളിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
‘താഴ്‌വരകളില്‍ നിന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. നാളെ വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴയും ചിലയിടങ്ങളില്‍ കനത്ത മഴയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, ജസാന്‍, അസീര്‍, ബഹ, കിഴക്കന്‍ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളില്‍ മേയ് മാസം സാധാരണ ലഭിക്കുന്നതില്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.