Sauditimesonline

keli azheekodan
ന്യൂസ് റൂമുകളില്‍ പൊലീസ് കടന്നുകയറ്റം: ജനാധിപത്യം ഭീഷണിയിലെന്ന് കേളി

കാത്തിരിപ്പിന് അന്ത്യം: അബ്ദുല്‍ റഹീമിന്‌ മോചനം; ഫൈനല്‍ എക്‌സിറ്റ് വിസയും തയ്യാര്‍, റഹീം ഉടന്‍ നാട്ടിലേക്ക്!

റിയാദ്: ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒരേ മനസ്സോടെ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ആ വലിയ വാര്‍ത്ത ഒടുവില്‍ എത്തിയത് പുണ്യദിനമായ അറഫ ദിനത്തില്‍. സൗദി ജയിലില്‍ കഴിഞ്ഞ 20 വര്‍ഷമായി വധശിക്ഷ വിധിച്ച് തടവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ ഔദ്യോഗിക മോചന ഉത്തരവ് സൗദി അധികൃതര്‍ ഒപ്പുവെച്ചു. റിയാദിലെ റഹീം നിയമസഹായ സമിതിയാണ് പ്രവാസലോകത്തിനും കേരളത്തിനും ഏറെ ആശ്വാസം നല്‍കുന്ന ഈ വിവരം പുറത്തുവിട്ടത്.
മോചനത്തിനായുള്ള നിയമപരമായ തടസ്സങ്ങള്‍ നീങ്ങിയതോടെ അബ്ദുല്‍ റഹീമിന് ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ഫൈനല്‍ എക്‌സിറ്റ് വിസ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇനി എമിഗ്രേഷന്‍ വിഭാഗം സാങ്കേതിക നടപടികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. അതുകൊണ്ടുതന്നെ വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ റഹീം ഇന്ത്യയിലേക്ക് വിമാനം കയറുമെന്നാണ് റിയാദ് സഹായ സമിതി അറിയിക്കുന്നത്.

2006ല്‍ സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ നിര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്നാണ് റഹീം ജയിലിലാകുന്നത്. തുടര്‍ന്ന് കോടതി വധശിക്ഷ വിധിച്ചതോടെ റഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ 34 കോടി രൂപ ദിയാ ധനമായി സൗദി കുടുംബം ആവശ്യപ്പെടുകയായിരുന്നു.

സാധാരണ ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത തുക സമാഹരിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒത്തുചേര്‍ന്നു. ‘റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി’ രൂപീകരിച്ച് സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകരും പൊതുജനങ്ങളും കൈകോര്‍ത്തപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ 34 കോടി രൂപയെന്ന ലക്ഷ്യം മലയാളികള്‍ മറികടന്നു. മാനവികതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാരുണ്യ നിധിയായിരുന്നു അത്.

കോടതി വഴി സൗദി കുടുംബത്തിന് തുക കൈമാറുകയും അവര്‍ റഹീമിന് മാപ്പ് നല്‍കുകയും ചെയ്തതോടെയാണ് വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ പബഌക് റൈറ്റ് പ്രകാരം 20 വര്‍ഷം കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയതോടെയാണ് മോചന ഉത്തരവ് നേടാനായത്.

‘റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഉദ്യോഗസ്ഥരെല്ലാം ഒപ്പുവെച്ചു കഴിഞ്ഞു. ഫൈനല്‍ എക്‌സിറ്റ് വിസയും സിസ്റ്റത്തില്‍ രേഖപ്പെടുത്തി. ജയില്‍ മോചിതനായി റിയാദ് ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍ വഴിയുള്ള എമിഗ്രേഷന്‍ നടപടികള്‍ കഴിയുന്നതോടെ റഹീമിന് യാത്രാ ടിക്കറ്റ് നല്‍കും. ഏതു സമയത്തും ആ ശുഭവാര്‍ത്ത പ്രതീക്ഷിക്കാം.’ -സഹാ യ സമിതി അറിയിച്ചു.
മകന്‍ ജീവനോടെ തിരിച്ചെത്തുമെന്ന വാര്‍ത്ത കോഴിക്കോട് കോടമ്പുഴയിലെ റഹീമിന്റെ വീട്ടില്‍ വലിയ വൈകാരിക നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും മകന്റെ മുഖമൊന്ന് കാണാന്‍ 20 വര്‍ഷമായി കാത്തിരിക്കുന്ന വൃദ്ധയായ ഉമ്മയുടെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാന്‍ ഒടുവില്‍ റഹീം എത്തുകയാണ്.

പ്രവാസ ലോകത്തെ സന്നദ്ധ പ്രവര്‍ത്തകരും റിയാദിലെ ഇന്ത്യന്‍ എംബസിയും സൗദി അധികൃതരും ഒത്തൊരുമിച്ച് നടത്തിയ നിരന്തരമായ പരിശ്രമങ്ങളാണ് റഹീമിന്റെ മോചനം ഇത്രയും വേഗത്തിലാക്കിയത്. കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ജനകീയ കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെയും സാക്ഷാത്കാരത്തിനാണ് റഹീമിന്റെ മോചനത്തിലൂടെ വഴിയൊരുങ്ങിയിരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top