
റിയാദ്: ഈരടികളുടെ കുളിര്‍മഴയായും ഈണങ്ങളുടെ പൂത്തിരിയായും മലപ്പുറം തനിമ റിയാദില്‍ പെയ്തിറങ്ങി. മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) അല്‍വഫ ഷോല മാളില്‍ ഒരുക്കിയ ‘മൈലാഞ്ചി രാവ് മെഹന്ദി ഫെസ്റ്റ് സീസണ്‍-3’ നാട്ടുപൂരത്തിന്റെ ഓര്‍മ്മകളിലേക്ക് പ്രവാസിമനസ്സുകളെ കൂട്ടിക്കൊണ്ടുപോയ വസന്തോത്സവമായിരുന്നു.

ചെണ്ടമേളത്തിന്റെ അകമ്പടിയും മലനാടിന്റെ തനിമയും തുടിച്ച ‘മലപ്പുറം ചന്ത’യും അറേബ്യന്‍ മണ്ണില്‍ കേരളത്തിന്റെ വിരുന്ന് കൂടാരമൊരുക്കി. പെണ്ണരങ്ങുകളുടെ ചിരിയും കളിചിരികളും നിറഞ്ഞ അന്തരീക്ഷത്തില്‍ അല്‍വഫ മാള്‍ സുന്ദരമായ ഉത്സവപ്പറമ്പായി മാറി. ഒപ്പനച്ചുവടുകളുടെ താളവും, സൂഫി നര്‍ത്തകരുടെ ചലനങ്ങളും, ചുണ്ടുകളില്‍ തത്തിക്കളിച്ച മാപ്പിളപ്പാട്ടിന്റെ രാഗവും പ്രവാസികള്‍ക്ക് ആത്മാവിഷ്‌കാരത്തിന്റെ പുതിയ അനുഭൂതി പകര്‍ന്നു. വീട്ടമ്മമാരുടെ കൈപ്പുണ്യം വിളിച്ചോതിയ വിപണന സ്റ്റാളുകള്‍ മലയാളിത്തത്തിന്റെ കൊതിപ്പിക്കുന്ന രുചികളും കാഴ്ചകളും സമ്മാനിച്ചു.

ആഘോഷരാവിനെ സുന്ദരമാക്കിയത് വനിതകളുടെ മെഹന്ദി മത്സരമായിരുന്നു. വിരലുകളില്‍ വിസ്മയം തീര്‍ത്ത് സീനത്ത് ഒന്നാം സ്ഥാനത്തിന്റെ പൊന്‍തൂവല്‍ ചൂടി. സന കെ. രണ്ടും മുന്‍ഷിദ മൂന്നാം സ്ഥാനവും നേടി. സാംസ്‌കാരിക പരിപാടി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നതവിജയം നേടിയ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. ആതുരസേവനത്തിന് നഴ്‌സുമാരായ രഞ്ജു പാടത്ത്, അമ്പിളി രഞ്ജു എന്നിവരെ പൊന്നാടയണിഞ്ഞ് ആദരിച്ചു. ആക്ടിങ് പ്രസിഡന്റ് ഉമറലി, സെക്രട്ടറി സഫീറലി തലാപ്പില്‍, ട്രഷറര്‍ അബ്ദുല്‍ കരീം, പ്രോഗ്രാം കണ്‍വീനര്‍ ഷമീര്‍ കല്ലിങ്ങല്‍, കോര്‍ഡിനേറ്റര്‍ ശിഹാബുദ്ധീന്‍ കരുവാരക്കുണ്ട്, മീഡിയ കണ്‍വീനര്‍ സുനില്‍ ബാബു, കോഓര്‍ഡിനേറ്റര്‍ വിനീഷ്, നിസാം പൂളക്കല്‍, ഷെബി മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നൗഷാദ് ആലുവ, അനസ് വള്ളികുന്നം, ജയന്‍ കൊടുങ്ങല്ലൂര്‍, സലീം കളക്കര, ബാബു പട്ടാമ്പി, റഷീല്‍, സലീം ബത്തേരി, അസ്‌ലം പാലത്ത്, കബീര്‍ പട്ടാമ്പി, ഷാനവാസ് മുനമ്പത്ത്, ജാസിര്‍, ഇര്‍ഷാദ്, മിഷാല്‍ ചെറുപ്ലാശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ കരീം നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






