Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

അല്‍ ഖോബാര്‍: കിഴക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനെ മലയാളി കൂട്ടായ്മകളുടെ സംയുക്ത വേദിയായ എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. നവോദയ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പവനന്‍ മൂലക്കീല്‍, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ഒ.ഐ.സി.സി റീജണല്‍ പ്രസിഡന്റ് ബിജു കല്ലുമല, കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി അലിക്കുട്ടി ഒളവട്ടൂര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. കോബാര്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ എംബസി കമ്മ്യുണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ ദേശ്ബന്ധു ഭാട്ടിയുംപങ്കെടുത്തു.

പതിനാല് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് അംബാസഡര്‍ക്ക് സമര്‍പ്പിച്ചത്. ദമ്മാമില്‍ ഇന്ത്യന്‍ എംബസ്സി കാര്യാലയം തുടങ്ങുന്നതിന് സൗദി സര്‍ക്കാരിന്റെ അനുമതി തേടുമെന്ന് അംബാസഡര്‍ പറഞ്ഞു. നിലവില്‍ മൂന്ന് മാസത്തില്‍ ഒരിയ്ക്കല്‍ മാത്രം ജയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ എംബസ്സി സംഘം, ഇനി മുതല്‍ എല്ലാ മാസവും സന്ദര്‍ശനം നടത്തും.

സ്വാഭാവിക മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഒന്‍പത് സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി നേടണം. ഇത് കാലതാമസം ഉണ്ടാക്കുന്നുണ്ട്. അസ്വാഭാവിക മരണം സംഭവിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മാസങ്ങള്‍ ആവശ്യമായി വരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏകജാലക സമ്പ്രദായം കൊണ്ടുവരണമെന്നും അസ്വാഭാവിക മരണമാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മൃതദേഹം നാട്ടിലയയ്ക്കാന്‍ അനുമതി നല്‍കണമെന്നും പ്രതിനിധിസംഘം നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് അംബാസഡര്‍ പറഞ്ഞു.

ദമ്മാമില്‍ നിന്നു കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വ്വീസ് ഇല്ലാത്ത അവസ്ഥ, വിമാന ടിക്കറ്റുകളുടെ ഉയര്‍ന്ന നിരക്ക് തുടങ്ങിയവ പരിഹരിക്കണം. ഇതുസംബന്ധിച്ച് വ്യോമയാന മന്ത്രാലയം, വിമാന കമ്പനികള്‍ എന്നിവരുമായി ഇടപെടല്‍ നടത്തും.
കേരളത്തിലേയ്ക്ക് നേരിട്ട് സര്‍വ്വീസ് തുടങ്ങാന്‍ സൗദി എയര്‍ലൈന്‍സ് അധികൃതരോട് അഭ്യര്‍ത്ഥിയ്ക്കുമെന്നും അംബാസിഡര്‍ ഉറപ്പ് നല്‍കി.

ഹുറൂബില്‍ ആയവരുടെ ആശ്രിതര്‍ പാസ്സ്‌പോര്‍ട്ട് പുതുക്കുന്നതിന് രേഖകള്‍ക്ക് ഒപ്പം സ്‌പോണ്‍സറുടെ ശുപാര്‍ശകത്തും നല്‍കണമെന്ന വിചിത്രമായ ആവശ്യം പിന്‍വലിക്കണം. ഇതു കുട്ടികള്‍ക്കും വനിതകള്‍ക്കും പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയാ ത്ത അവസ്ഥ ഉണ്ടാക്കുന്നു. ഇന്ത്യന്‍ പൗരന് പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ സൗദി പൗരന്റെ ശുപാര്‍ശകത്ത് വേണമെന്നത് തെറ്റായ കീഴ്‌വഴക്കമാണ്. ഇത് നിര്‍ത്തലാക്കാമെന്നും അംബാസഡര്‍ പറഞ്ഞു.

പൂട്ടിപ്പോകുന്ന കമ്പനികളിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രവാസി പുനഃരധിവാസം, ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ മാനേജ്‌മെന്റ് പ്രശ്‌നങ്ങള്‍, അക്കാദമിക സൗകര്യങ്ങളുടെ അപര്യാപ്തത, സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അജീര്‍ സിസ്റ്റവുമായി ബന്ധപ്പെട്ട് ടീച്ചര്‍മാരുടെ മേല്‍ സ്‌ക്കൂള്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ പോകുന്ന സാമ്പത്തിക ബാധ്യത, സ്‌ക്കൂള്‍ ഓഡിറ്റോറിയം ഇന്ത്യന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ പൊതുപരിപാടികള്‍ക്കു വിട്ടു നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ അംബാസഡറോട് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top