Sauditimesonline

sushma two
ഭയവും ആശയക്കുഴപ്പവും അകറ്റാം; തെറാപ്പികളിലൂടെ മാനസികാരോഗ്യം

പ്രവാസികളെ വഞ്ചിച്ച പതിറ്റാണ്ട്; ഇടതു സര്‍ക്കാറിനെതിരെ വിധിയെഴുതണം

റിയാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കും ജനവിരുദ്ധ ഭരണത്തിനുമെതിരെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് സൗദികെഎംസിസി നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് മുഖ്യ രക്ഷധികാരി കെ പി മുഹമ്മദ്കുട്ടി, പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

എല്ലാ പ്രവാസികളും നാട്ടിലെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫോണില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യേണ്ട പ്രാധാന്യം ഓര്‍മിപ്പിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. എല്ലാവരും വോട്ട് ചെയ്‌തെന്ന് ഉറപ്പാക്കണം. അതുവരെ നിരന്തരം വിളിക്കാന്‍ ശ്രമിക്കണം. ‘വണ്‍ കാള്‍ വണ്‍ വോട്ട്’ നകാമ്പയിന്‍ വഴി സൗദിയുടെ വിവിധ ഭാഗങ്ങളിലുമുള്ള പ്രവാസികളെയും ബന്ധപ്പെടണം. മുഴുവന്‍ പ്രവാസി കുടുംബങ്ങളും യുഡിഎഫിന് വോട്ട് ചെയ്യണം.

കോടികളുടെ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളെ കുറഞ്ഞ നിരക്കില്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തി നിര്‍ണ്ണായക തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ ഭരിക്കുന്ന സര്‍ക്കാരിന് ബാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഓര്‍മ്മപ്പെടുത്തിയിട്ടും അവഗണിച്ചു. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളില്‍ വിദേശത്തുളള ഭൂരിഭാഗവും പ്രവാസികള്‍ക്കും വോട്ടവകാശം രേഖപെടുത്താന്‍ കഴിയില്ല.

കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്ന പ്രവാസി സമൂഹത്തോട് ചരിത്രത്തിലില്ലാത്ത അവഗണനയും വഞ്ചനയുമാണ് കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടതുഭരണം കാട്ടിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് നാടണയാന്‍ കൊതിച്ച പാവപ്പെട്ട പ്രവാസികള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചു. ക്വാറന്റൈന്‍ നിബന്ധനകളുടെ പേരില്‍ പീഡിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഗള്‍ഫ് നാടുകളില്‍ നേരിട്ടെത്തി നല്‍കിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറി.

പ്രവാസി പുനരധിവാസം വാക്കുകളില്‍ ഒതുങ്ങി. നോര്‍ക്ക വഴി ലഭിക്കേണ്ട ആനുകൂല്യങ്ങളും ക്ഷേമനിധി പെന്‍ഷനുകളും കൃത്യമായി വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ലോക കേരള സഭ കൂടി ധൂര്‍ത്ത് നടത്തുകയല്ലാതെ സാധാരണക്കാരായ പ്രവാസികള്‍ക്ക് യാതൊരു ഗുണവും ലഭിച്ചില്ല. വിമാനയാത്രാ നിരക്ക് വര്‍ദ്ധനവ് മൂലം പ്രവാസികള്‍ വലയുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാഴ്ത്തി. സാധാരണക്കാരന്റെ നിത്യജീവിതം ദുസ്സഹമാക്കുന്ന നികുതി ഭാരവും വിലക്കയറ്റവുമാണ് ഇടതുഭരണത്തിന്റെ ആകെത്തുക. കേരളത്തിന്റെ വികസനവും പ്രവാസികളുടെ സുരക്ഷയും ഉറപ്പാക്കാന്‍ കെട്ടുറപ്പുള്ള യുഡിഎഫ് ഭരണം അനിവാര്യമാണ്. നാടിന്റെ മോചനത്തിനായി പ്രവാസി വോട്ടുകളും പ്രവാസികളുടെ കുടുംബാംഗങ്ങളുടെ വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കി ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top