Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

ലോക കേരള സഭയില്‍ നിന്ന് കെ.എം.സി.സി പ്രതിനിധികള്‍ രാജിവെച്ചു

റിയാദ്: ലോക കേരള സഭയില്‍ നിന്ന് രാജി വെക്കുന്നതായി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്കുട്ടിയും അഷ്‌റഫ് വേങ്ങാട്ടും അറിയിച്ചു. ഇവര്‍ നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അനുമതി നല്കിയതോടെയാണ് ഇരുവരും രാജി നല്‍കിയത്. പ്രവാസി വ്യവസായി കണ്ണൂരിലെ സാജന്‍ മരണപെട്ടതുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ നടപടികള്‍ പ്രവാസി വിരുദ്ധമാണ്. ഇതു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

ലോകമാകെ വ്യാപിച്ചു കിടക്കുന്ന കേരള സമൂഹത്തെയും സംസ്‌കാരത്തെയും ഒന്നിപ്പിക്കാനും പരസ്പരം കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കാനുമാണ് ലോക കേരള സഭയുടെ പ്രഖ്യാപിത ലക്ഷ്യം. പ്രവാസികള്‍ക്ക് നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതും മുഖ്യ ലക്ഷ്യമാണ്. എന്നാല്‍ കോടികള്‍ മുടക്കി സ്ഥാപിച്ച സംരംഭത്തിന് സര്‍ക്കാര്‍ തന്നെ വിലങ്ങ്തടിയാവുകയാണ്. നിക്ഷേപകന് ജീവനൊടുക്കേണ്ടിവന്നു. അപ്പോഴും പ്രതികരണ ശേഷിയില്ലാതെ സര്‍ക്കാര്‍ സേവകരും സ്തുതിപാടകരുമായി മാത്രം നിലകൊള്ളുന്ന വേദിയില്‍ തുടരുന്നത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്. ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ കെഎംസിസിയും മാതൃസംഘടനയായ മുസ്ലിംലീഗിനും പ്രവാസി സമൂഹത്തോടുള്ള കടപ്പാട് അവര്‍ണ്ണനീയമാണ്. എക്കാലത്തും പ്രവാസികള്‍ക്കൊപ്പം അടിയുറച്ചു നിന്ന പ്രസ്ഥാനം പ്രവാസലോകത്തുള്ള മലയാളി സമൂഹത്തിന്റെ സുരക്ഷാ കവചം കൂടിയാണ്. പ്രവാസികളുടെ ഉന്നമനത്തിലും പ്രശ്‌നങ്ങളിലും പ്രതിസന്ധിയിലും ഒപ്പം സഞ്ചരിച്ച കെഎംസിസിക്ക് വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതയും അംഗീകാരവും അര്‍പ്പണബോധമുള്ള പ്രവര്‍ത്തനത്തിന്റെ തെളിവുകളാണ്.

സാജന്റെ ആത്മഹിത്യക്ക് ഉത്തരവാദികളായവരെ കണ്ടെത്തുന്നതില്‍ ആത്മാര്‍ത്ഥമായ നീക്കങ്ങള്‍ ഉണ്ടാകുന്നില്ല. പകരം പാര്‍ട്ടി താല്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ കാര്യലാഭത്തിനും രാഷ്ട്രീയ നേട്ടത്തിനുമായി പ്രവാസികളെ ഉപയോഗപ്പെടുത്തുന്നു. പ്രവാസി വിഷയങ്ങള്‍ വരുമ്പോള്‍ മുഖം തിരിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ ശൈലിയെ അംഗീകരിക്കാനാവില്ല. സര്‍ക്കാരിന്റെ ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചു യു ഡി എഫിന്റെ മുഴുവന്‍ പ്രതിനിധികളും ലോക കേരള സഭയില്‍ നിന്ന് രാജി വെച്ച സാഹചര്യത്തില്‍ സാജന്റെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുന്നതുവരെ പ്രവാസലോകത്ത് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ പ്രവാസിയുടെയും സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്ന സമീപനം സ്വീകരിക്കുന്ന പിണറായി സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളെ ആര്‍ജവത്തോടെ നേരിടാന്‍ ലോക കേരള സഭയില്‍ നിന്ന് രാജി വെച്ച് പോരാടാന്‍ അവശേഷിക്കുന്ന അംഗങ്ങള്‍ ചങ്കൂറ്റം കാണിക്കണമെന്നും കെ പി മുഹമ്മദ് കുട്ടിയും അഷ്‌റഫ് വേങ്ങാട്ടും പറഞ്ഞു.

സ്വദേശി വല്‍ക്കരണത്തിന്റെ പിടിയിലമര്‍ന്ന പ്രവാസ ലോകത്ത് നിന്ന് കൂട്ടമായ ഒഴിച്ച് പോക്ക് നേരിടുന്ന പ്രവാസികളെ പിറന്ന മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കണം. പ്രവാസികളെ പിഴിയുന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ വിരലനക്കാന്‍ പോലും ഭരിക്കുന്നവര്‍ തയ്യാറുകുന്നില്ല. ഗള്‍ഫ് മേഖലയിലെ പ്രവാസികളെ മാത്രം ലക്ഷ്യം വെച്ച് വിമാന കമ്പനികള്‍ അവധി കാലത്ത് നടപ്പിലാക്കുന്ന ഹൈ സീസണ്‍ ഫെയര്‍ മൂലം നിരവധി പ്രവാസി കുടുംബങ്ങളാണ് നാട്ടിലെത്താന്‍ കഴിയാതെ വലയുന്നത്. സര്‍ക്കാര്‍ ഖജനാവ് നിറക്കാന്‍ കോടികള്‍ ചെലവിട്ടു നടത്തുന്ന മാമാങ്കങ്ങളോടൊപ്പം ചില്ലറ ചെലവിട്ട് സംസ്ഥാനത്തിന് കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ ഇത്തരം വിഷയങ്ങളില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണെന്നും കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റായ കെ പി മുഹമ്മദ് കുട്ടിയും നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റായ അഷ്‌റഫ് വേങ്ങാട്ടും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top