
റിയാദ്: വീര ചരിത്ര കഥകള്‍ പാടിപ്പറയുന്ന ഖിസ്സപ്പാട്ട് കഥാ പ്രസംഗ പരിപാടിയോട് പ്രവാസികള്‍ക്ക് വലിയ താല്‍പര്യം ഉണ്ടെന്ന ഖിസ്സപ്പാട്ട് കാഥികന്‍ മാവണ്ടിയൂര്‍ അഹ്മദ് കുട്ടി മൗലവി. മാപ്പിള കലാ രൂപത്തിന് പ്രവാസികളില്‍ നിന്നു ലഭിക്കുന്ന പ്രോല്‍സാഹനം വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ പഴയ തലമുറക്ക് ഖിസ്സപ്പാട്ടിനോട് ഉണ്ടായിരുന്ന താല്‍പര്യം പുതു തലമുറക്ക് കാണുന്നില്ലു. ഉംറ നിര്‍വ്വഹിക്കാനും സൗദിയില്‍ സന്ദര്‍ശനം നടത്താനും എത്തിയ അഹ്മദ് കുട്ടി മൗലവി പറഞ്ഞു.

ചെറുപ്പത്തില്‍ ഫുട്‌ബോള്‍ കളിയില്‍ സജീവമായിരുന്ന അഹ്മദ് കുട്ടി മൗലവി നാട്ടില്‍ മദ്രസ അധ്യാപകന്‍ ആയിരുന്നു. ഒരിക്കല്‍ ഫുട്ബാള്‍ മത്സരത്തില്‍ ഗുരുതരമായ പരിക്കേറ്റു. മാസങ്ങളോളം കിടപ്പിലായി. ഇതിനിടയിലാണ് ഖിസ്സപ്പാട്ട് കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിച്ചത്. നാട്ടുകാരനും ഗുരുവുമായ പരേതനായ അബ്ദുല്‍ ഖാദര്‍ മൊല്ലാക്കയില്‍നിന്നാണ് ബാല പാഠങ്ങള്‍ പഠിച്ചത്. താന്‍ ജോലി ചെയ്തിരുന്ന മാവണ്ടിയൂര്‍ മദ്രസയുടെ പുന:ര്‍നിര്‍മ്മാണത്തിനാണ് ആദ്യം കഥാപ്രസംഗം അവതരിപ്പിച്ചത്. പരിപാടി വിജയിച്ചതോടെ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഫുട്ബാള്‍ കളി അവസാനിപ്പിച്ച് കഥ പറയാനും ചരിത്രം പാടാനും അരങ്ങിലെത്തി. അങ്ങനെ നാലരപ്പതിറ്റാണ്ടായി ഖിസ്സപ്പാട്ട് തുടരുകയാണ്.

കേരളത്തില്‍ എല്ലാ ജില്ലകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിലെ നിരവധി വേദികളിലു കഥ പറഞ്ഞു. കൂടാതെ യൂഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും ഖിസ്സപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. ബദര്‍, ഉഹ്ദ്, ഖൈബര്‍, കര്‍ബല എന്നീ യുദ്ധ ചരിത്രങ്ങളും യൂസുഫ് ഖിസ്സ, മലപ്പുറം ഖിസ്സ എന്നിവയും അഹ്മദ് കുട്ടി മൗലവി തനതു ശൈലിയില്‍ അവതരിപ്പിക്കാറുണ്ട്. പൊതുവെ മുസ്‌ലിം പള്ളി, മദ്‌റസ, യതീം ഖാന എന്നിവയുടെ നിര്‍മാണം, അവയുടെ സാമ്പത്തിക പുരോഗതി എന്നിവക്ക് വേണ്ടിയാണ് കഥാ പ്രസംഗം അവതരിപ്പിക്കറുള്ളത്. എന്നാല്‍, ഹിന്ദു ക്രിസ്ത്യന്‍ സമുദായക്കാരുടെ പരിപാടികളിലും ഖിസ്സപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.

ദീര്‍ഘ കാലം കേരള ഖിസ്സപ്പാട്ട് സംഘം പ്രസിഡന്റ് ആയിരുന്നു. നിലവില്‍ ഉപദേശക സമിതി അംഗമാണ്. രണ്ട് തവണ കേരള സര്‍കാര്‍ ആദരിച്ചു. മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകവും ആദരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഖിസ്സപ്പാട്ടുകള്‍ അവതരിപ്പിക്കുകയും ഗവേഷണ പഠനം നടത്തുകയും ചെയ്യുന്ന അഹ്മദ് കുട്ടി മൗലവി മലപ്പുറം ജില്ലയിലെ എടയൂര്‍ മാവണ്ടിയൂര്‍ സ്വദേശിയാണ്.
പണ്ട് കാലത്ത് വിദൂര സ്ഥലങ്ങളില്‍ നിന്നും ഖിസ്സപ്പാട്ട് കേള്‍ക്കാന്‍ ചൂട്ടിന്റെയും റാന്തലിന്റെയും വെളിച്ചത്തില്‍ ആളുകള്‍ ഒഴുകി എത്തിയിരുന്നത് അഹ്മദ് കുട്ടി മൗലവി ഇന്നും ഓര്‍ക്കുന്നു. അന്ന് ഒരു രൂപ വിലയുള്ള വസ്തുക്കള്‍ ഉയര്‍ന്ന വിലക്ക് ആളുകള്‍ ലേലം വിളിച്ചിരുന്നതും മൗലവിയുടെ മറക്കാത്ത ഓര്‍മകളാണ്. എന്നാല്‍, കാലഘട്ടം മാറിയപ്പോള്‍ ജനങ്ങളുടെ ആസ്വാദന രീതിയിലും മാറ്റം വന്നു. നാട്ടില്‍ ഖിസ്സപ്പാട്ടിന് വേദി ലഭിക്കുന്നില്ല. എന്നാല്‍, പ്രവാസ ലോകത്ത് വലിയ പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്നുണ്ട്. പ്രവാസികള്‍ നല്‍കുന്ന പ്രോത്സാഹനത്തിന് വലിയ നന്ദിയുണ്ട്.
ജിദ്ദ എസ്‌ഐസി യുടെ പരിപാടിയില്‍ കഥാ പ്രസംഗം നടത്താന്‍ അവസരം ലഭിച്ചു. ബാഗ്ദാദിയ്യ ഏരിയ കെഎംസിസിയുടെ പരിപാടിയിലും പങ്കെടുത്തു. സൗദിയുടെ വിവിധ പ്രവിശ്യകളിലെ മത സമൂഹ്യ സംഘടനകള്‍ തനിക്ക് അവസരം നല്‍കുമെന്ന പ്രതീക്ഷയിലാണ് മൗലവി. പരിപാടികള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 057201100 മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






