Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് വി.ഡി. സതീശന്‍ എത്തുമെന്ന് ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. അവസാന നിമിഷം വരെ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഹൈക്കമാന്‍ഡ് സതീശന്റെ മുഖ്യമന്ത്രി പദത്തിന് അംഗീകാരം നല്‍കിയത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ ജനകീയ പോരാട്ടമാക്കി മാറ്റിയ സതീശന് ലഭിക്കുന്ന അര്‍ഹമായ അംഗീകാരമാണിത്.

വിഡി സതീശനൊപ്പം രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവരെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചത്. രമേശ് ചെന്നിത്തം ആഭ്യന്തര മന്ത്രിയാകുമെന്നാണ് സൂചന. അതേസമയം, പ്രഖ്യാപനം വൈകിയതിന് പിന്നില്‍ ചിലരുടെ അമിത ഇടപെടലുകളാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സ്വന്തം വിശ്വസ്തരെ മന്ത്രിസഭയില്‍ തിരുകിക്കയറ്റാനും പ്രധാന വകുപ്പുകള്‍ താല്പര്യക്കാര്‍ക്ക് നല്‍കാനുമുള്ള കടുംപിടുത്തമാണ് അന്തിമ തീരുമാനത്തിന് തടസ്സമായത്. മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ കടന്നുകയറാനുള്ള ഈ ‘അമിത ആവശ്യങ്ങള്‍’ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും വ്യക്തിപരമായ താല്പര്യങ്ങള്‍ക്കും അതീതമായി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന വാദത്തിന് ഹൈക്കമാന്‍ഡില്‍ മുന്‍തൂക്കം ലഭിച്ചു. താഴെത്തട്ടില്‍ സതീശനുള്ള ജനപ്രീതിയും ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റിയ അദ്ദേഹത്തിന്റെ തന്ത്രജ്ഞതയുമാണ് കരുത്തായത്. മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ വിള്ളലുണ്ടാക്കുന്നത് ശരിയല്ലെന്ന നിലപാടും ഹൈക്കമാന്റ് തിരിച്ചറിഞ്ഞു.

എല്ലാ തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ഇന്ന് വി.ഡി. സതീശന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതിയ കേരളത്തിനായുള്ള ടീം യു.ഡി.എഫിന്റെ അമരക്കാരനായി സതീശന്‍ എത്തുമ്പോള്‍, അത് അണികള്‍ക്കും പുതിയൊരു ഊര്‍ജ്ജമാകും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top