
റിയാദ്: സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്‍ ‘റിസ’ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവര്‍ത്തക പരിശീലന പരിപാടിയുടെ (റിസ ടോട്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടന്ന പരിശീലനത്തിനു ശേഷമുള്ള പരീക്ഷയില്‍ വിവിധ രാജ്യങ്ങളിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 526 പേര്‍ വിജയിച്ചു.

193 പേര്‍ വിജയിച്ച റിയാദിലെ യാര ഇന്റര്‍നാഷണല്‍ സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 93 പേര്‍ വീതം വിജയിച്ച ഷാര്‍ജ പേസ് ഇന്റര്‍നാഷണല്‍ സ്‌കൂളും അജ്മാന്‍ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളും രണ്ടാം സ്ഥാനം നേടി. 67 വിജയിച്ച റിയാദ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
വിജയിച്ച എല്ലാവര്‍ക്കും ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ 24ന് സൗദി സമയം വൈകുന്നേരം 3.30ന് നടക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ അത്താ എഡ്യൂക്കേഷന്‍ ഗ്രൂപ്പ് സിഇഒ ഡോ. ഇബ്രാഹിം ഫര്‍ഹാന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പ്രകാശനം നിര്‍വഹിക്കും. ചടങ്ങിനു ശേഷം http://www.risatots.online എന്ന വെബ്‌സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ലഹരി ഉപയോഗം തുടങ്ങുന്നതിനു മുന്‍പ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ 2015 മുതല്‍ നടത്തുന്ന പരിശീലന പരിപാടിയാണ് ടോട്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






