
റിയാദ്: ഡിജിറ്റല്‍ യുഗത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പഠനം കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കാന്‍ മൊബൈല്‍ ആപ്പുമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. ‘ലേണ്‍ ദി ഖുര്‍ആന്‍’ (എല്‍ടിക്യൂ) മൊബൈല്‍ ആപ്ലിക്കേഷന്‍, ഒക്ടോബര്‍ 23ന് റിയാദില്‍ നടക്കുന്ന 26ാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തില്‍ പ്രകാശനം ചെയ്യും. വിശുദ്ധ ഖുര്‍ആന്റെ ആശയം, വ്യാഖ്യാനം, ലളിതമായ പഠനരീതികള്‍ എന്നിവ ഏതുസമയത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്‌ലാഹി സെന്റര്‍ ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. തുടക്കക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൈകാര്യം ചെയ്യാന്‍ ലളിതമായ അക്ഷരഘടനയും പശ്ചാത്തലവുമാണ് ഒരുക്കിയിരിക്കുന്നത്.

ഖുര്‍ആന്‍ സൂക്തങ്ങളുടെ ആശയഗ്രഹണം എളുപ്പമാക്കാന്‍ ഓരോ പദങ്ങളുടെയും അര്‍ഥവും സമ്പൂര്‍ണ മലയാള വിവര്‍ത്തനവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് അമാനി മൗലവിയുടെ വിവരണമാണ് അവലംബം. പ്രമുഖ പണ്ഡിതന്മാരുടെ ക്ലാസുകളും ഖുര്‍ആന്‍ പാരായണം ശ്രവിക്കാനുളള സൗകര്യവുമുണ്ട്.

പഠന കോഴ്‌സുകളുടെ സ്വയം വിലയിരുത്തലിനും ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായി തയ്യാറെടുക്കാനും മൊബൈല്‍ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. ആവശ്യമായ വിഷയങ്ങളോ സൂക്തങ്ങളോ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള അഡ്വാന്‍സ്ഡ് സെര്‍ച്ച് ഓപ്ഷനും പിന്നീട് വായിക്കാന്‍ മാറ്റിവെക്കുന്നതിനുള്ള ബുക്ക്മാര്‍ക്കിങ് സൗകര്യവും ഇതിന്റെ സവിശേഷതയാണ്.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ പൂര്‍ണമായും സൗജന്യമായി ആപ്പ് ലഭ്യമാകും. പ്രവാസ ലോകത്തും ലോകത്തുളള മലയാളികള്‍ക്കും നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ഖുര്‍ആന്‍ പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഡിജിറ്റല്‍ സംരംഭം വലിയ തണലാകും. നിത്യജീവിതത്തിലെ പ്രാര്‍ത്ഥനകളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിയാദ് കേന്ദ്രമായി ആരംഭിച്ച ലേണ്‍ ദി ഖുര്‍ആന്‍ പാഠ്യപദ്ധതി ഓരോ വര്‍ഷവും ഒരു ലക്ഷം കോപ്പിയാണ് പ്രിന്റ് ചെയ്യുന്നത്. ആപ്പ് നിലവില്‍ വരുന്നതോടെ പാഠഭാഗങ്ങള്‍ പൂര്‍ണമായി എല്‍ടിക്യ ആപ്പില്‍ ലഭ്യമാക്കും. ലൈവ് ക്ലാസുകളും സംശയനിവരാണത്തിനുളള സൗകര്യവും ഉള്‍പ്പെടെ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും സമന്വയിപ്പിച്ചാണ് ആപ്പ് വികസിപ്പിച്ചതെന്ന് ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






