
റിയാദ്: പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിനും കണ്ണീരിനും വിരാമമാകുന്നു. തടവറയില്‍ അനുഭവിച്ച ഏകാന്തതയുടെ ദിനങ്ങള്‍ക്ക് അവസാനമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. തൊഴിലുടമയുടെ മകന്‍ മരിച്ച സംഭവത്തില്‍ 20 വര്‍ഷമായി തടവില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിന് രാജ്യം വിടാന്‍ റിയാദ് ഇന്ത്യന്‍ എംബസി ഔട്ട് പാസ് അനുവദിച്ചു. നേരത്തെ റിയാദ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ച കേസില്‍ ദിയാ ധനം നല്‍കി മാപ്പ് നേടിയിരുന്നു. എന്നാല്‍ 20 വര്‍ഷം ശിക്ഷ അനുഭവിക്കണമെന്ന വിധി വന്നതോടെ മോചനം നീണ്ടു. ഒന്നര വര്‍ഷം മുമ്പു അനുവദിച്ച ഔട്ട് പാസ് കാലാവധി കഴിഞ്ഞ സാഹിര്യത്തിലാണ് പുതിയത് ഇഷ്യൂ ചെയ്തത്.

34 കോടി രൂപ സമാഹരിക്കാന്‍ ലോകമലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ മഹാദൗത്യം വിജയതീരത്തോടടുക്കുമ്പോള്‍, പ്രാര്‍ത്ഥനയോടെ കാത്തിരുന്ന കോഴിക്കോട്ടെ ഉമ്മയുടെ അരികിലേക്ക് റഹീം ഉടനെത്തും. റഹീമിന്റെ ജയില്‍വാസം അടുത്തയാഴ്ച പൂര്‍ത്തിയാകുമെന്നും മോചനത്തിനായുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
കോടതി വിധിപ്രകാരമുള്ള തടവ് ശിക്ഷ അവസാനിക്കുന്നതോടെ ആഭ്യന്തര മന്ത്രാലയം എക്‌സിറ്റ് വിസ അനുവദിക്കും. ഇതോടെ സൗദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ക്രമീകരിച്ചാല്‍ റഹീമിന് നാടിന്റെ തണലിലേക്ക് മടങ്ങാം. റഹീമിന് രാജ്യം വിടാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ എംബസി തയ്യാറാക്കിയതായി സാമൂഹിക പ്രവര്‍ത്തകനും കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂര്‍ അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകള്‍ മോചനം വേഗത്തിലാക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

‘ലോകമലയാളികള്‍ കൈകോര്‍ത്ത പുണ്യദൗത്യം ലക്ഷ്യം കാണാന്‍ എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ പോരാട്ടത്തില്‍ ആദ്യവസാനം ഒപ്പം നിന്ന അസംഖ്യം മനുഷ്യസ്‌നേഹികളോട് വാക്കുകള്‍ക്ക് അതീതമായ നന്ദിയുണ്ടെന്ന് സഹായ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റഹീമിനെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയാലുടന്‍ വിമാന ടിക്കറ്റ് നല്‍കി നാട്ടിലേക്ക് അയക്കുമെന്ന് ചെയര്‍മാന്‍ സി.പി. മുസ്തഫയും അറിയിച്ചു.
റിയാദ് സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷര്‍ സെബിന്‍ ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് വരെയുള്ള പുരോഗതി വിലയിരുത്തി. വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍, കോര്‍കമ്മറ്റി കോഡിനേറ്റര്‍ നാസര്‍ കാരന്തൂര്‍, കോഡിനേറ്റര്‍ ഹര്‍ഷദ് ഫറോക്ക്, ഷകീബ് കൊളക്കാടന്‍, യൂസഫ് കാക്കഞ്ചേരി, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ധീന്‍ സഹീര്‍, നവാസ് വെള്ളിമാട്കുന്ന്, മൊയ്തീന്‍ കോയ കല്ലമ്പാറ, സുരേന്ദ്രന്‍ കൂട്ടായി, സുധീര്‍ കുമ്മിള്‍, മുഹമ്മദ് നജാത്തി, ഷമീം മുക്കം നൗഫല്‍ പാലക്കാടന്‍ എന്നീ സമിതി അംഗങ്ങള്‍ ഫറോക്കിലെ സഹായ ട്രസ്റ്റുമായുള്ള ഓണ്‍ലൈന്‍ യോഗം ഉടന്‍ ചേരുമെന്നും സഹായ സമിതി അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






