Sauditimesonline

sadafco salim
പ്രവാസം സമ്മാനിച്ചത് ജീവിതം മാത്രമല്ല; സര്‍വ്വകലാശാലയെക്കാള്‍ വലിയ അനുഭവം

പ്രവാസം സമ്മാനിച്ചത് ജീവിതം മാത്രമല്ല; സര്‍വ്വകലാശാലയെക്കാള്‍ വലിയ അനുഭവം

മുഹമ്മദ് കല്ലിങ്ങല്‍

ജിദ്ദ: മരുഭൂമിയിലെ മൂന്നരപ്പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് തിരശ്ശീലയിട്ട്, മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി പി.പി. അബ്ദുല്‍ സലീം (സലീം സദാഫ്‌കോ) ജിദ്ദയോട് വിടപറയുന്നു. ജിദ്ദയിലെ സാമൂഹികമത മണ്ഡലങ്ങളിലെ സജീവസാന്നിധ്യമായ അദ്ദേഹം സൗദി മണ്ണ് നല്‍കിയ അനുഗ്രഹങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയോടെയാണ് ജന്മനാട്ടിലേക്ക് വിമാനം കയറുന്നത്.

1990ലാണ് സാധാരണ പ്രവാസിയായി സലീം ജിദ്ദയിലെത്തുന്നത്. മക്കയിലെ കടയില്‍ മൂന്ന് മാസം ജോലി ചെയ്തു. അതിനുശേഷം, പ്രശസ്തമായ ‘സദാഫ്‌കോ’ കമ്പനിയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ജിദ്ദ ഓഫീസില്‍ പര്‍ച്ചേസ് ക്ലര്‍ക്കായിട്ടായിരുന്നു തുടക്കം. ഫോണും ടൈപ്പ് റൈറ്ററും ഫാക്‌സ് മെഷീനും മാത്രം പ്രയോജനപ്പെടുത്തിയിരുന്ന കാലം. ഓഫീസിലേക്ക് കമ്പ്യൂട്ടര്‍ വന്നതോടെ സഹപ്രവര്‍ത്തകരില്‍ നിന്നു അതിലും പ്രാവീണ്യം നേടി. പിന്നീട് വിവരസാങ്കേതികവിദ്യയുടെ അത്യാധുനിക സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജോലിയില്‍ മിടുക്കുകാട്ടി. ഇതോടെ സലീമിന് ഉദ്യോഗക്കയറ്റം ലഭിച്ചു. അസിസ്റ്റന്റ് പര്‍ച്ചേസ് മാനേജര്‍ എന്ന ഉയര്‍ന്ന പദവിയില്‍ നിന്നാണ് വിരമിക്കുന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമായിരുന്നു തൊഴില്‍തേടിയെത്തുമ്പോള്‍ ഉണ്ടായിരുന്ന കൈമുതല്‍. സദാഫ്‌കോ കമ്പനിയില്‍ നിന്നാണ് തൊഴില്‍ പഠിച്ചതും ലോക പരിചയം നേടിയതും. അതുകൊണ്ടുതന്നെ സലീമിന് സദാഫ്‌കോ ഒരു മഹാ പാഠശാലയായിരുന്നു തൊഴിലിടം. തന്റെ കോളേജും യൂണിവേഴ്‌സിറ്റിയും ജീവിതാനുഭവങ്ങളുമെല്ലാം കമ്പനിയാണെന്ന് സലീം പറയും. സഹവ്രര്‍ത്തകരില്‍ നിന്നാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും വശമാക്കിയത്. സദാഫ്‌കോ മലയാളി കൂട്ടായ്മയിലും അദ്ദേഹം സജീവമാണ്.

സേവനകാലത്തെ രസകരമായ അനുഭവവും അദ്ദേഹം ഓര്‍ക്കുന്നു: ഒരിക്കല്‍ യൂറോപ്യനായ മാനേജര്‍ നാട്ടിലേക്ക് പോകാന്‍ കമ്പനി വാഹനം കാത്തുനില്‍ക്കുകയായിരുന്നു. വാഹനം വൈകുന്നത് കണ്ട് അസ്വസ്ഥനായ മാനേജരെ സലീം സ്വന്തം കാറില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ വേഗത്തിലെത്തിച്ചു. ഇതില്‍ സംപ്രീതനായ മാനേജര്‍, തിരിച്ചെത്തിയ ഉടന്‍ സലീമിന് പ്രമോഷനും ശമ്പളവര്‍ദ്ധനവും നല്‍കി. ഈ സംഭവം കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാന്‍ തനിക്ക് വലിയ പ്രചോദനമായതായി അദ്ദേഹം പറയുന്നു.

ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുമായുള്ള ബന്ധമാണ് അറബി ഭാഷ പഠനത്തിനും മതപരമായ അറിവുകള്‍ ആഴത്തില്‍ ആര്‍ജ്ജിക്കാനും സലീമിനെ സഹായിച്ചത്. ഇസ്‌ലാഹി സെന്റര്‍ എക്‌സിക്യൂട്ടീവ് അംഗമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും ആഴത്തില്‍ പഠിക്കാന്‍ സാധിച്ചതാണ് പ്രവാസത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. പ്രസംഗരംഗത്ത് കഴിവ് തെളിയിക്കാനും ഇത് സഹായിച്ചു. കൂടാതെ, ഓള്‍ഡ് എയര്‍പോര്‍ട്ട് ദഅവ സെന്ററിലെ കോഴ്‌സ് പൂര്‍ത്തിയാക്കാനും, മക്ക ഹറം ഇമാം ഡോ. ശൈഖ് ഫൈസല്‍ ഗസ്സാവയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനും കഴിഞ്ഞത് ജീവിതത്തിലെ അപൂര്‍വ്വ സൗഭാഗ്യമായി അദ്ദേഹം കരുതുന്നു.

പൊതുരംഗത്തും കെ.എം.സി.സി പ്രവര്‍ത്തകനായി സലീം സജീവമാണ്. ജിദ്ദകൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹി, മങ്കട മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ്, കൂട്ടിലങ്ങാടി ഉന്നംതല പ്രവാസി കൂട്ടായ്മ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുന്നു. നാട്ടിലെത്തിയാലും മതസാമൂഹിക സേവനങ്ങളില്‍ സജീവമായി തുടരാനാണ് ആഗ്രഹം. മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശിയാണ്. ഭാര്യ ഷാഹിന. മക്കള്‍: ഹാഫിസ് സലീം (ജിദ്ദ), ഹനീന സലീം (ഖത്തര്‍), ഹിഷാം സലീം (എം.ബി.എ വിദ്യാര്‍ത്ഥി, ബാംഗ്ലൂര്‍).

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top