
റിയാദ്: പ്രവാസി മലയാളികള്‍ക്കിടയില്‍ ആത്മഹത്യകളും ലഹരി ഉപയോഗവും വര്‍ധിച്ചുവരുന്നത് ആശങ്കയുയര്‍ത്തുന്നു. യുവാക്കളിലാണ് ഇത്തരം പ്രവണത കൂടുതലെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് അഭിപ്രായപ്പെട്ടു. ഒരു മാസത്തിനിടെ അഞ്ച് ആത്മഹത്യാ കേസുകളില്‍ ഇടപെടേണ്ടിവന്നത് പ്രവാസി സമൂഹത്തിലെ ഗുരുതരമായ മാനസിക, സാമൂഹിക വൈകല്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

തൊഴില്‍ സമ്മര്‍ദ്ദം, സാമ്പത്തിക ബാധ്യതകള്‍, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, കടുത്ത ഒറ്റപ്പെടല്‍ എന്നിവയാണ് പലപ്പോഴും പ്രവാസികളെ മാനസികമായി തളര്‍ത്തുന്നത്. ഏകാന്തത മറികടക്കാന്‍ തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട് വിഷാദരോഗവും ആത്മഹത്യാ ചിന്തകളും കൂട്ടുന്നു. മാനസിക ബുദ്ധിമുട്ടുകളോ ലഹരി അടിമത്തമോ ഉള്ളവര്‍ പുറത്തുപറയാനോ ചികിത്സയും കൗണ്‍സിലിംഗും വിധേയമാകാനോ മടിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്.

ലോണ്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളില്‍ അകപ്പെട്ട് പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന പ്രവണതയും അടുത്തിടെ വ്യാപകമാണ്. ഗള്‍ഫ് നാടുകളില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അുകൊണ്ടുതന്നെ ലഹരി മാഫിയകളുടെ കെണിയില്‍പ്പെടാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും വെല്‍ഫെയര്‍ വിങ് ഓര്‍മ്മിപ്പിച്ചു.
കടുത്ത മാനസിക വിഷമമുള്ളവര് ഹെല്‍പ്പ് ലൈനുകളെയോ കൗണ്‍സിലിംഗ് കേന്ദ്രങ്ങളെയോ സമീപിക്കണം. ജോലി കഴിഞ്ഞുള്ള സമയം മുറികളില്‍ ഒറ്റയ്ക്കിരിക്കാതെ സാമൂഹിക കൂട്ടായ്മകളില്‍ പങ്കാളികളാകാനും, ഒപ്പം താമസിക്കുന്നവരുടെ പെരുമാറ്റങ്ങളില്‍ അസ്വഭാവികത ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ ചേര്‍ത്തുപിടിക്കാനും തയ്യാറാകണം. ഏതു പ്രതിസന്ധി ഘട്ടത്തിലും ആശ്വാസവും നിയമസാമൂഹിക മാര്‍ഗനിര്‍ദ്ദേശങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ഒപ്പമുണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






