
റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന റാപ്പര്‍ വേടന് നയിക്കുന്ന ‘ആരവം മെഗാ ലൈവ് മ്യൂസിക് ഇവന്റിന്’ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍. 20,000 പേര്‍ക്ക് പങ്കെടുക്കാന്‍ ദിറാബ് ഡ്രിഫ്റ്റ് പാര്‍ക്കില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചതായും സംഘാടകര്‍ അറിയിച്ചു.

പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ടിക്കറ്റ് വില്‍പ്പനയ്ക്ക് ലഭിക്കുന്നത്. എന്‍.ആര്.കെ ഫോറത്തിലെ അംഗ സംഘടനകള്‍, റിയാദിലെ വ്ളോഗര്‍മാര്‍ എന്നിവര്‍ വഴിയാണ് പ്രധാനമായും ടിക്കറ്റ് വിതരണം. നഗരത്തിലെ ഇന്ത്യന്‍ റസ്റ്ററന്റുകള്‍, പോളിക്ലിനിക്കുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. 50 റിയാല്‍ മുതല്‍ 1,500 റിയാല്‍ വരെയുള്ള വിവിധ വിഭാഗങ്ങളിലാണ് ടിക്കറ്റുകള്‍. റിയാദിന് പുറമെ ബുറൈദ, അല്‍ ഖര്‍ജ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് പരിപാടി ആസ്വദിക്കാന്‍ മലയാളി സമൂഹം എത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.

പ്രമുഖ റീട്ടെയില്‍ ശൃംഖല മാര്‍ക്ക് ആന്റ് സേവ് ആണ് മെഗാ ഷോയുടെ മുഖ്യ പ്രായോജകര്‍. ഒക്ടോബര്‍ 2ന് നടത്തുമെന്ന് പ്രഖ്യാപിച്ച പരിപാടി 16ന് ആകും അരങ്ങേറുക. കാണികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷിതമായ അന്തരീക്ഷവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.ആര്.കെ. ഫോറം ചെയര്മാന് സി.പി. മുസ്തഫ, കണ്‍വീനര്‍ സുരേന്ദ്രന് കൂട്ടായി, ട്രഷറര്‍ യഹ്യ കൊടുങ്ങല്ലൂര്‍, മൂണ്‍ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റ് പ്രതിനിധി ധനേഷ് ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






