Sauditimesonline

badminton miister
റാക്കറ്റേന്തുമ്പോള്‍ കണ്ണീരൊപ്പുന്നവര്‍; ബാഡ്മിന്റണ്‍ കോര്‍ട്ടുകളിലെ കൊളളക്കെതിരെ മന്ത്രി ഇടപെടുമോ?

റാക്കറ്റേന്തുമ്പോള്‍ കണ്ണീരൊപ്പുന്നവര്‍; ബാഡ്മിന്റണ്‍ കോര്‍ട്ടുകളിലെ കൊളളക്കെതിരെ മന്ത്രി ഇടപെടുമോ?

ഇന്ത്യന്‍ കായികരംഗത്ത് ബാഡ്മിന്റണ്‍ നല്‍കിയ ഉണര്‍വും ആവേശവും ചെറുതല്ല. പി.വി. സിന്ധുവും ലക്ഷ്യ സെന്നും പ്രണോയിയുമൊക്കെ അന്താരാഷ്ട്ര തലത്തില്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ആയിരക്കണക്കിന് കുട്ടികളാണ് റാക്കറ്റുമേന്തി കോര്‍ട്ടുകളിലേക്ക് ഇറങ്ങിയത്. എന്നാല്‍ ഈ തിളക്കമാര്‍ന്ന വിജയഗാഥകള്‍ക്ക് പിന്നില്‍ കായികതാരങ്ങളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളും അസോസിയേഷനുകളുടെ അനാസ്ഥയും ചൂഷണങ്ങളും ആരും കാണുന്നില്ല.

ലക്ഷങ്ങള്‍ പൊടിയുന്ന ‘കോസ്റ്റ്‌ലി’ കളി
ബാഡ്മിന്റണ്‍ ഇന്ന് സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവര്‍ക്ക് മാത്രം പ്രാപ്യമായ ഒരു കായികവിനോദമായി മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സാധാരണ അക്കാദമികളില്‍ ഒരു കുട്ടിക്ക് മാസം 30,000 മുതല്‍ 35,000 രൂപ വരെ ചെലവഴിക്കേണ്ടി വരുന്നു. അറിയപ്പെടുന്ന പ്രൊഫഷണല്‍ അക്കാദമികളില്‍ ഇത് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ചിലവ് വരും. കോച്ചിങ് ഫീസ്, പ്രൊഫഷണല്‍ റാക്കറ്റുകള്‍, നോണ്‍മാര്‍ക്കിങ് ഷൂസുകള്‍, ദിനംപ്രതി ആവശ്യമായി വരുന്ന വിലകൂടിയ ഷട്ടില്‍ കോക്കുകള്‍, പോഷകാഹാരം, ഹോസ്റ്റല്‍ വാടക എന്നിവയെല്ലാം ശരാശരി കുടുംബങ്ങള്‍ക്ക് താങ്ങാനാവില്ല. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പ്രോത്സാഹനം നല്‍കുന്ന സാധാരണ കുടുംബങ്ങളുടെ താളം തെറ്റുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

ടൂര്‍ണമെന്റും കീശ ചോരുന്ന ചെലവുകളും
പരിശീലനത്തിന് പുറമെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും വന്‍തുകയാണ് ചെലവാകുന്നത്. ഒരു സ്‌റ്റേറ്റ് റാങ്കിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ എന്‍ട്രി ഫീസും യാത്രാക്കൂലിയും 4 ദിവസത്തെ ഹോട്ടല്‍ താമസവും ഭക്ഷണവുമടക്കം 25,000 മുതല്‍ 35,000 രൂപ വരെ ചെലവ് വരുന്നു. നാഷണല്‍ ടൂര്‍ണമെന്റുകളിലേക്ക് എത്തുമ്പോള്‍ വിമാന ടിക്കറ്റും അനുബന്ധ ചെലവുകളും ചേര്‍ന്നാല്‍ 55,000 മുതല്‍ 65,000 രൂപ വരെയായി ഇത് ഉയരും. വര്‍ഷത്തില്‍ നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത താങ്ങാനാവാതെ പല കുടുംബങ്ങളും കടക്കെണിയിലാകുകയോ വസ്തുവകകള്‍ വില്‍ക്കേണ്ടി വരികയോ ചെയ്യുന്ന അവസ്ഥയാണുള്ളത്.

സമ്മാനത്തുകയിലെ കബളിപ്പിക്കലും സംഘാടകരുടെ കൊള്ളയും
ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ വിജയിച്ചാല്‍ വലിയ തുക പ്രൈസ് മണിയായി ലഭിക്കുമെന്നത് തികച്ചും മിഥ്യാധാരണ മാത്രമാണ്. 17 വയസ്സ് വരെയുള്ള ജില്ലാതല മത്സരങ്ങളില്‍ മിക്കയിടത്തും യാതൊരുവിധ സമ്മാനത്തുകയും നല്‍കാറില്ല. സ്‌റ്റേറ്റ് റാങ്കിങ് മത്സരങ്ങളില്‍ ‘75,000 രൂപ െ്രെപസ് മണി’ എന്ന് വലിയ ബാനറുകളില്‍ പരസ്യം ചെയ്യും. ഇത് 20 വിഭാഗങ്ങളിലായി നടക്കുന്ന മുഴുവന്‍ കാറ്റഗറികള്‍ക്കും ആകെ വീതിച്ചു നല്‍കുന്ന തുകയാണ്. 30,000 രൂപയോളം ചെലവാക്കി മത്സരത്തിന് പോയി വിജയിക്കുന്ന ഒരു കുട്ടിക്ക് ഒടുവില്‍ ലഭിക്കുന്നത് കേവലം 2500 അല്ലെങ്കില്‍ 3000 രൂപ മാത്രമാണ്. 750ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ടൂര്‍ണമെന്റില്‍ എന്‍ട്രി ഫീസിനത്തിലും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ലക്ഷങ്ങള്‍ അസോസിയേഷനും സംഘാടകര്‍ക്കും ലഭിക്കുന്നു. കച്ചവടക്കാര്‍ അവരാണല്ലോ, അതുകൊണ്ടുതന്നെ ഭീമമായി പിരിച്ചെടുക്കുന്ന സംഖ്യയുടെ ഒരു ചെറിയ ശതമാനം പോലും കളിക്കാര്‍ക്ക് ലഭിക്കുന്നില്ല.

സൗകര്യങ്ങളുടെ അഭാവവും സംഘാടകരുടെ അവഗണനയും
അയല്‍ സംസ്ഥാനങ്ങളായ തെലങ്കാന, കര്‍ണാടക എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ബാഡ്മിന്റണ്‍ മേഖലയുടെ അവസ്ഥ വളരെ ദയനീയമാണ്. കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് (കെബിഎസ്എ) കീഴില്‍ സ്വന്തമായി അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്‌റ്റേഡിയമോ സമഗ്രമായ പരിശീലന കേന്ദ്രമോ നിലവിലില്ല. വളര്‍ന്നുവരുന്ന പുതിയ പ്രതിഭകളെ കണ്ടെത്താനോ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സബ്‌സിഡി, എന്നിവ നല്‍കാനോ അസോസിയേഷന്‍ മുന്‍കൈ എടുക്കുന്നില്ല. കായികതാരങ്ങളെയും അവരുടെ മാതാപിതാക്കളെയും കേവലം പണപ്പെട്ടിയായി മാത്രം കാണുന്ന സമീപനമാണ് പലയിടത്തും നിലനില്‍ക്കുന്നത്.

ചൂഷണം അവസാനിപ്പിക്കണം
ബാഡ്മിന്റണ്‍ രംഗത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേരളത്തിലെ കായിക മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലും അടിയന്തിരമായി ഇടപെടണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കഴിവുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കണം. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കുറഞ്ഞ ചെലവില്‍ മികച്ച പരിശീലനം നല്‍കുന്ന സെന്‍ട്രലൈസ്ഡ് അക്കാദമികള്‍ നിര്‍മ്മിക്കണം. അസോസിയേഷനുകളുടെ വരുമാനവും അതു ചെലവഴിക്കുന്നതിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിക്കണം. ടൂര്‍ണമെന്റ് എന്‍ട്രി ഫീസുകള്‍ നിയന്ത്രിക്കുകയും പിരിച്ചെടുക്കുന്ന തുകയുടെ ന്യായമായ വിഹിതം വിജയികള്‍ക്ക് സമ്മാനത്തുകയായി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ഇതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുണം. പുതിയ സ്‌പോര്‍ട്‌സ് മന്ത്രി അടക്കമുള്ള അധികാരികള്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട്, ബാഡ്മിന്റണ്‍ കോര്‍ട്ടുകളെ മാതാപിതാക്കളുടെ കണ്ണീരണിയിക്കുന്ന ഇടങ്ങളാക്കാതെ മാറ്റിയെടുക്കുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top