
റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘കെ.എസ്.എല്‍. സൂപ്പര്‍ ലീഗ്’ ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മൂന്നാം സീസണ്‍ ആരംഭിച്ചു. റിയാദ് ഖാബൂസ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ റൗദ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ നഹ്ദ യുണൈറ്റഡ് ജേതാക്കളായി. രണ്ടാം മത്സരത്തില്‍ റിയല്‍ മലസ് എഫ്.സിയും ബത്ഹ ബറ്റാലിയനും സമനിലയില്‍ (22) പിരിഞ്ഞു.

അറ്റെന്‍ഷന്‍ അക്കുറസി കമ്പനി സി.ഇ.ഒ. രാജന്‍ ഡാനിയേല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. അറ്റോവ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ. ഡോ. മെല്‍റ്റണ്‍ സേവിയര്‍ മത്സരങ്ങള്‍ കിക്ക് ഓഫ് ചെയ്തു. ചടങ്ങില്‍ കെ.ഇ.എഫ്. പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ ആശംസകളര്‍പ്പിച്ചു.

റിയാദിലെ മലയാളി എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ കെ.ഇ.എഫ്. വര്‍ഷം തോറും നടത്തിവരുന്ന പ്രമുഖ ടൂര്‍ണമെന്റാണിത്. എന്‍ജിനീയര്‍മാര്‍ക്കിടയിലെ കായികക്ഷമത വളര്‍ത്താനും പുതിയ കാല്‍പന്ത് പ്രതിഭകളെ വാര്‍ത്തെടുക്കാനുമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാല് ആഴ്ചകളിലായി നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ റിയല്‍ മലസ് എഫ്.സി, റൗദ യുണൈറ്റഡ്, ബത്ത ബറ്റാലിയന്‍, അല്‍ നഹ്ദ യുണൈറ്റഡ് എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. കെ.ഇ.എഫ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ഞാറപ്പുലാന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





