
തിരുവനന്തപുരം: നോര്‍ക്ക കെയര്‍ പ്രീമിയം വര്‍ധനക്കെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍. ആറാഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കാന്‍ നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറിക്ക് കോടതിയുടെ ഉത്തരവ്. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായക നിര്‍ദേശം. മുസ്തഫ തൊണ്ടിയില്‍, അബ്ദുള്‍ ഹക്കീം എന്നിവരും കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ച്, ഹര്‍ജിക്കാരെയും ബന്ധപ്പെട്ട മറ്റ് കക്ഷികളെയും നേരിട്ട് കേട്ട് നിയമപരമായി അന്തിമ തീരുമാനമെടുക്കണം. ആറാഴ്ചയ്ക്കകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന ഇന്‍ഷുറന്‍സ് കവറേജ്, പ്രായം അടിസ്ഥാനമാക്കി മാറ്റിയത് പ്രവാസികള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. നിലവിലെ പ്രവാസി ഗുണഭോക്താക്കളുടെ ഇന്‍ഷുറന്‍സ് തുടര്‍ച്ച, പ്രീമിയം വര്‍ധനയുടെ യുക്തിസഹമായ ന്യായീകരണം, മുന്‍കൂട്ടി കൃത്യമായ അറിയിപ്പ് നല്‍കാതിരിക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.

പദ്ധതിയില്‍ പുതുതായി കൊണ്ടുവന്ന പ്രീമിയം സംവിധാനം സാധാരണക്കാരായ പ്രവാസികളെയാണ് പ്രതിസന്ധിയിലാക്കുന്നത്. 2025-26 വര്‍ഷത്തില്‍ 5 ലക്ഷം രൂപയുടെ ഫാമിലി ഹെല്‍ത്ത് കവറേജിന് 13,411 രൂപയായിരുന്ന പ്രീമിയം, 51-60 വയസ്സുള്ളവര്‍ക്ക് 35,664 രൂപയും 61-70 വയസ്സുള്ളവര്‍ക്ക് 44,718 രൂപയുമായാണ് ഉയര്‍ത്തിയത്. പല പ്രവാസി കുടുംബങ്ങള്‍ക്കും 166 ശതതം മുതല്‍ 233 ശതമാനം വരെയാണ് പ്രീമിയം വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ ഗ്രൂപ്പ് രീതിയില്‍ നിന്ന് ഒറ്റയടിക്ക് വയസ്സ് അടിസ്ഥാനത്തില്‍ മാറിയതാണ് ഭീമമായ വര്‍ധനയ്ക്ക് കാരണം.

പ്രീമിയം പുതുക്കുന്നത് സംബന്ധിച്ച് കുറഞ്ഞത് 45 ദിവസം മുന്‍കൂര്‍ അറിയിപ്പ് നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ, പുതിയ നിരക്കുകള്‍ പോളിസി അവസാനിക്കുന്നതിന് കേവലം നാല് ദിവസം മുമ്പ് മാത്രമാണ് അധികൃതര്‍ അറിയിച്ചത്. ഒക്ടോബര്‍ 31ന് അവസാനിച്ച പഴയ പോളിസിക്ക് പകരം നവംബര്‍ 1 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ, മറ്റ് ഇന്‍ഷുറന്‍സ് മാര്‍ഗങ്ങള്‍ തേടാനോ കൃത്യമായ തീരുമാനം എടുക്കാനോ പ്രവാസികള്‍ക്ക് സാവകാശം ലഭിച്ചില്ല.
പുതിയ പ്രീമിയം സംവിധാനം പിന്‍വലിച്ച് മുന്‍വര്‍ഷത്തെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള രീതി തുടരണമെന്നും നിലവിലെ പോളിസി പരിരക്ഷ തടസ്സമില്ലാതെ നീട്ടണമെന്നുമാണ് പ്രവാസി ലീഗല്‍ സെല്‍ നോര്‍ക്ക സെക്രട്ടറിക്ക് നല്കിയ നിവേദനത്തിലുള്ളത്. പ്രവാസികളുടെ താല്പര്യം സംരക്ഷിക്കുന്ന തരത്തില്‍ നോര്‍ക്ക വകുപ്പ് ഉടന്‍ ഹിയറിംഗ് നടത്തി ന്യായമായ തീരുമാനം സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






