
റിയാദ്: മോചനം പ്രതീക്ഷിച്ച് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ അബ്ദുറഹീമിന്റെ കേസ് ഫയല്‍ ഗവര്‍ണറേറ്റില്‍ നിന്ന് വിവിധ വകുപ്പുകളിലേക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയം, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, ഡിപ്പോനട്ടേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലേയ്ക്കാണ് ജയിലില്‍ നിന്ന് മോചിപ്പിച്ച് മാതൃരാജ്യത്തേക്ക് അയക്കുന്നതിനുളള ഫയല്‍ കൈമാറിയത്. ഇതുസംബന്ധിച്ച വിവരം അഭിഭാഷകര്‍ക്കും ഇന്ത്യന്‍ എംബസിക്കും പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.

19 വര്‍ഷത്തിലധികം തടവു പൂര്‍ത്തിയാക്കിയ അബ്ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിന്‍മേല്‍ ഇളവ് നേടി ജയില്‍ മോചിതനാക്കാനുളള ശ്രമം തുടരുകയാണ്. ദിയ നല്‍കുകയും ദീര്‍ഘകാലത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശിക്ഷയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ അഡ്വ. റെന, അബുഫൈസല്‍ എന്നിവര്‍ മുഖേന നിയമസഹായ സമിതി റിയാദ് ഗവര്‍ണ്ണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോടതി ഉത്തരവ് പ്രകഛാരം ശിക്ഷ കാലയളവ് 20 വര്‍ഷം 2026 മെയ് 20ന് പൂര്‍ത്തിയാകും.

നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവര്‍ണറേറ്റില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഫയല്‍ വകുപ്പുകളിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചത്. സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്ന അബ്ദുറഹീമിന് ദിയധനം നല്‍കിയതിനാല്‍ കുടുംബം മാപ്പ് നല്‍കിയിരുന്നു. ഇതോടെ വധശിക്ഷ റദ്ദാക്കി. പിന്നീട് പൊതുഅവകാശ പ്രകാരം കുറ്റാക്കാരനാണെന്ന് കണ്ടെത്തി ഇരുപത് വര്‍ഷം ശിക്ഷ വിധിച്ചു. റിയാദിലെ അപ്പീല്‍ കോടതിയുടെ വിധി സുപ്രിംകോടതി ശരിവെക്കുകയും ചെയ്തിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





