Sauditimesonline

ananthu
വധശിക്ഷയുടെ നിഴലില്‍ നിന്ന് അനന്തു അമ്മയില്ലാത്ത വീട്ടിലേക്ക്; തുണയായത് സാമൂഹിക പ്രവര്‍ത്തകരും എംബസിയും

വധശിക്ഷയുടെ നിഴലില്‍ നിന്ന് അനന്തു അമ്മയില്ലാത്ത വീട്ടിലേക്ക്; തുണയായത് സാമൂഹിക പ്രവര്‍ത്തകരും എംബസിയും

റിയാദ്: സ്‌പോണ്‍സറുടെ ഭാര്യ മരിക്കാനിടയായ വാഹനാപകടത്തെ തുടര്‍ന്ന് അഞ്ചുവര്‍ഷം സൗദി ജയിലില്‍ കഴിഞ്ഞ പെരുമ്പാവൂര്‍ സ്വദേശി അനന്തു അരവിന്ദ്(28)ന് ഒടുവില്‍ മോചനം. വധശിക്ഷ വരെ ലഭിക്കാവുന്ന നിയമക്കുരുക്കില്‍ നിന്നാണ് സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ഇടപെട്ട് യുവാവിനെ നാട്ടിലെത്തിച്ചത്.

ദുര്‍വിധി വന്ന വഴി
2019 ഒക്ടോബറിലാണ് അനന്തു ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ജീവിതം മാറ്റിമറിച്ച ദുരന്തം. സ്‌പോണ്‍സറുടെ ഭാര്യയുമായി മാര്‍ക്കറ്റിലേക്ക് പോകവേ കാറിന്റെ പിന്‍സീറ്റിലിരുന്ന കുട്ടി എറിഞ്ഞ പെപ്‌സി ബോട്ടില്‍ അനന്തുവിന്റെ മേല്‍ പതിച്ചു. ഇതിന്റെ ആഘാതത്തില്‍ കാറിന്റെ നിയന്ത്രണം നഷ്മായി. മാത്രമല്ല അപസ്മാര രോഗമുണ്ടായിരുന്ന അനന്തുവിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ പരിഭ്രാന്തയായി പുറത്തേക്ക് ചാടിയ സ്‌പോണ്‍സറുടെ ഭാര്യ മരിച്ചു. മുന്നോട്ടു നീങ്ങിയ വാഹനം റോഡില്‍ നിന്നു തെന്നിമാറി പാറക്കുന്നില്‍ ഇടിച്ചു നിന്നു. ഇതിന്റെ ആഘാതത്തില്‍ അനന്തുവിന്റെ ഇരുകാലുകളും തകര്‍ന്നു.

30 ശസ്ത്രക്രിയകള്‍
അപകടത്തില്‍ അനന്തുവിന്റെ ഇരു കാലുകള്‍ക്കും മുട്ടിന് താഴെ ഗുരുതരമായി പരിക്കേറ്റു. അൂന്നാഴ്ച അബോധാവസ്ഥയിലായിരുന്നു. റിയാദിലെ മുവാസത്ത് ആശുപത്രിയില്‍ മുപ്പത് ശസ്ത്രക്രിയകള്‍ക്കു വിധേയനായി. ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെ റിയാദ് കിംഗ് സഊദ് ജനറല്‍ ആശുപത്രിയിലായിരുന്നു തുടര്‍ ചികിത്സ. എങ്കിലും നടക്കാനുള്ള ശേഷി പൂര്‍ണമായും തിരികെ ലഭിച്ചില്ല. വീല്‍ചെയറിലാണ് അനന്തുവിന്റെ ജീവിതം.

ഒടുവില്‍ നീതി
അനന്തുവിന് വധശിക്ഷ നല്‍കണമെന്ന വാദത്തില്‍ സ്‌പോണ്‍സറുടെ കുടുംബം ഉറച്ചുനിന്നു. സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, നൗഷാദ് ആലുവ എന്നിവര്‍ ഇടപെട്ട് അനന്തുവിന്റെ ആരോഗ്യസ്ഥിതിയും അപസ്മാര രോഗത്തിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. 54 തവണ കോടതിയില്‍ വാദ പ്രതിവാദങ്ങള്‍ നടന്നു. ഒടുവില്‍ വധശിക്ഷയ്ക്ക് നല്‍കാന്‍ ആവശ്യമായ 0തെളിവുകളില്ലെന്ന് റിയാദ് ക്രിമിനല്‍ കോടതി കണ്ടെത്തി. ഇതോടെ അനന്തുവിനെ കുറ്റവിമുക്തനാക്കി.

അമ്മയില്ലാത്ത വീട്
മകന്റെ മോചനത്തിന് കണ്ണീരോടെ കാത്തിരുന്ന അമ്മ മാസങ്ങള്‍ക്ക് മുന്‍പ് അര്‍ബുദം ബാധിച്ച് മരിച്ചത് മടക്കയാത്രയില്‍ വേദനയായി. വീല്‍ചെയറിലെത്തിയ അനന്തുവിനെ അച്ഛന്‍ അരവിന്ദന്‍ പൊട്ടിക്കരഞ്ഞാണ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്. മകന്റെ മോചനത്തിനായി ഉറക്കമില്ലാതെ പ്രയത്‌നിച്ച അമ്മയുടെ വേര്‍പാട് തീരാനോവായി മാറി. അപകടം നടന്ന നാള്‍ മുതല്‍ സാമൂഹിക പ്രവര്‍ത്തകരെ ബന്ധപ്പെടുകയും നിയമപോരാട്ടത്തിന് വക്കീലിനെ ഏര്‍പ്പാടാക്കാന്‍ നിര്‍ദ്ദേശിച്ചതും അമ്മയായിരുന്നു.

കൂട്ടായ പരിശ്രമം
അനന്തുവിന്റെ മോചനത്തിന സിദ്ദീഖ് തുവ്വൂരും റിയാദിലെ സാമൂഹിക പ്രവര്‍ത്തകരും നടത്തിയ നിരന്തര ഇടപെടലാണ് സഹായകമായത്. ജലീല്‍ തിരൂര്‍ (ചെയര്‍മാന്‍), നൗഷാദ് ആലുവ (കണ്‍വീനര്‍), കരീം കാനാംപുരം (ട്രഷറര്‍), സിദ്ദീഖ് തുവ്വൂര്‍ (ലീഗല്‍ കോര്‍ഡിനേറ്റര്‍) മൊഹിയുദീന്‍ സഹീര്‍ എന്നിവരടങ്ങിയ സഹായ സമിതിയാണ് നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഡോമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍, ഉസ്മാന്‍ പരീദ്, മുജീബ് പെഴക്കാപ്പിള്ളി, കബീര്‍ വൈലത്തൂര്‍, ഷാഹിദ് മാസ്റ്റര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ സജീവ്, സാബിര്‍, യുസഫ്, ഷറഫുദീന്‍, മുഹമ്മദ് ഇമ്ദാദ്, സവാദ് കുന്നുമ്മല്‍ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ യൂസഫ് പെരിന്തല്‍മണ്ണ അനന്തുവിനൊപ്പം അനുഗമിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top