
ദമ്മാം: ഉഷ്ണക്കാറ്റില്‍ കുളിര്‍പകരാന്‍ കിഴക്കന്‍ പ്രവിശ്യ പച്ചപ്പണിയുന്നു. അബ്‌കെയ്ഖ് ഗവര്‍ണറേറ്റില്‍ നഗരസഭ നടപ്പിലാക്കിയ ഹരിതവല്‍ക്കരണ പദ്ധതി ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ‘നമ്മുടെ കിഴക്കന്‍ പ്രവിശ്യ പച്ചപ്പിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായാണ് നഗരവീഥികളും പാര്‍ക്കുകളും നവീകരിച്ചത്.

നഗരത്തിലെ പ്രധാന പാതകളില്‍ മാത്രം 1,365 തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ഇതിനു പുറമെ, ആകര്‍ഷകമായ 85,000 പൂച്ചെടികളും നട്ടുവളര്‍ത്തി. നഗരത്തിലെ വായുനിലവാരം മെച്ചപ്പെടുത്താനും ചൂട് കുറയ്ക്കാനും ഹരിതവല്‍ക്കരണം സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഹരിതവത്ക്കരണത്തിന്റെ ഭാഗമായി 3.5 ലക്ഷം ചതുരശ്ര മീറ്റര്‍ പുല്‍മൈതാനങ്ങളൊരുക്കി.

നഗരത്തിലെ പ്രധാന വിശ്രമകേന്ദ്രങ്ങളില്‍ 365 വന്‍മരങ്ങളും വെച്ചുപിടിപ്പിച്ചു. പാര്‍ക്കുകളിലെ തണല്‍ പന്തലുകളും 2,000 മീറ്റര്‍ സുരക്ഷാ വേലികളും അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കി. കുട്ടികളുടെ വിനോദത്തിനായി 4,850 ചതുരശ്ര മീറ്റര്‍ പ്രത്യേകം നവീകരിച്ചു. സുരക്ഷ ഉറപ്പുവരുത്തി കളിമുറ്റങ്ങള്‍ കുരുന്നുകള്‍ക്കായി തുറന്നുകൊടുത്തു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ ഹരിതവിപ്ലവം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






