Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

സൗദിയില്‍ ബുര്‍ജീല്‍-ലീജാം സംയുക്ത സംരംഭം

റിയാദ്: ആരോഗ്യ മേഖലയിലെ പ്രമുഖരായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ഫിറ്റ്‌നസ്സ് കമ്പനി ലീജാം സ്‌പോര്‍ട്‌സും സൗദി അറേബ്യയില്‍ സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവെച്ചു. സമഗ്ര റീഹാബിലിറ്റേഷന്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന 60ലധികം ക്ലിനിക്കുകള്‍ സൗദിയിലുടനീളം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സംയുക്ത സംരംഭം. സൗദി അറേബ്യയിലും യുഎഇയിലുമായി ഫിറ്റ്‌നസ് ടൈം ബ്രാന്‍ഡിലുള്ള 155 ഫിറ്റ്‌നസ് സെന്ററുകളുടെ ഉടമയാണ് സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ലീജാം സ്‌പോര്‍ട്‌സ്.

ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷന്‍ എന്നിവയ്‌ക്കൊപ്പം വിറ്റാമിന്‍ ഇന്‍ഫ്യൂഷന്‍, ഓക്‌സിചേമ്പര്‍, ക്രിപ്‌റ്റോതെറാപ്പി തുടങ്ങിയ വെല്‍നസ് സേവനങ്ങളും ആയുര്‍വേദവും പ്രകൃതിചികിത്സയും അടക്കമുള്ള കോംപ്ലിമെന്ററി മെഡിസിന്‍ സേവനങ്ങളും പുതിയ ക്ലിനിക്കുകളില്‍ ലഭ്യമാക്കും. വേദന, മസ്‌കുലോസ്‌കലെറ്റല്‍, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കുള്ള വിദഗ്ധ മെഡിക്കല്‍ സേവനങ്ങളാകും ഫിറ്റ്‌നസ് ക്ലിനിക്കുകളുടെ മറ്റൊരു സവിശേഷത.

അടുത്ത പാദത്തില്‍ റിയാദ് നഗരത്തിലെ ആറ് കേന്ദ്രങ്ങളില്‍ ക്ലിനിക്കുകള്‍ തുറക്കും. അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ സൗദിയിലെ ലീജാം ശൃംഖലയിലുടനീളം സേവനങ്ങള്‍ വിപുലീകരിക്കും. സൗദിയിലെ കായിക മേഖലയ്ക്ക് പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള സംരഭം സൗദി കായിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് യാഥാര്‍ഥ്യമാകുന്നത്.

കായിക മേഖലയെ നെഞ്ചേറ്റുന്ന സൗദിയിലേക്കുള്ള പ്രവേശനം ഉന്നത നിലവാരമുള്ള ഫിറ്റ്‌നസ് സേവനങ്ങളിലൂടെ ശ്രദ്ധേയമായ ലീജാമുമായി ചേര്‍ന്നാണെന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള കായികതാരങ്ങള്‍ക്കും കായികമേഖലയില്‍ തല്പരരായ യുവാക്കള്‍ക്കും ആവശ്യമായ മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ സേവനങ്ങള്‍ നല്‍കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. കായിക താരങ്ങള്‍ക്ക് അവരുടെ പ്രകടനം ഉയര്‍ത്താന്‍ പ്രാപ്തരാക്കുന്ന മികച്ച പിന്തുണാ സംവിധാനം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും ഡോ. ഷംഷീര്‍ പറഞ്ഞു.

ആരോഗ്യ സംരക്ഷണവും ശാരീരിക ക്ഷമതയും ഉയര്‍ത്താനുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംരംഭമെന്ന് ലീജാം സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ അലി അല്‍ സാഗ്രി വ്യക്തമാക്കി. മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സംയോജിത സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ക്ലിനിക്കുകളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി നിയമപ്രകാരം സ്ഥാപിതമായ പുതുതായി രൂപീകരിച്ച കമ്പനിയിലൂടെയാണ് സംയുക്ത സംരംഭം പ്രവര്‍ത്തിക്കുക. ഇതില്‍ ബുര്‍ജീലിനും ലീജാമിനും തുല്യമായ 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. സൗദിയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനവും മെയിന്റനന്‍സും ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top