Sauditimesonline

poem release
ഹൃദയഭൂമികയില്‍ കവിത പൂത്തു; ഡോ. ടെസ്സിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ഹൃദയഭൂമികയില്‍ കവിത പൂത്തു; ഡോ. ടെസ്സിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ദമ്മാം: ഡോ. ടെസ്സി റോണിയുടെ ‘വരളുന്ന ഹൃദയഭൂമിക’ കവിതാസമാഹാരം പ്രകാശനം ചെയ്തു. ദമ്മാം സാംസ്‌കാരിക വേദി റോസ് ഗാര്‍ഡന്‍ റസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച സംഗമത്തില്‍ എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് തെരുവന്‍ പ്രകാശനം നിര്‍വ്വഹിച്ചു. ഗാനരചയിതാവ് റഫീഖ് അഹ്മദിന്റെ മകന്‍ ഡോ. മനീഷ് അഹ്മദ് ഏറ്റുവാങ്ങി.

രചനയുടെ ഭാഷയും രീതിയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പ്രവാസം സമ്മാനിക്കുന്ന ചൂടുള്ള അനുഭവങ്ങളുമായി സാഹിത്യ ലോകത്തെത്തിയ എഴുത്തുകാര്‍ മുന്‍ നിരയില്‍ നിലയുറപ്പിക്കുന്നുവെന്നത് ചെറിയ കാര്യമല്ലെന്ന് ജോസഫ് തെരുവന്‍ പറഞ്ഞു. പുറം ലോക ജീവിതങ്ങളെ മലയാളത്തിന് പരിചയപെടുത്തിയ, ഭാഷകളുടെയും സംസ്‌കാരത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിയ, സ്‌നേഹദൂതരാണ് മറുനാട്ടില്‍ നിന്നെഴുതുന്നവര്‍. കഥയും, കവിതയും, ചിത്രമെഴുത്തും ഒരുപോലെ വഴങ്ങുന്ന ഡോ.ടെസ്സിയുടെ സര്‍ഗ വൈഭവം ആനുകാലിക ലോകക്രമത്തെ കൃത്യതയോടെ സന്നിവേശിപ്പിക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

ഗാഢമായ ചിന്തകളെ ലഘുകരിക്കുന്ന രീതിയാണ് കവിതയുടേത്. ഇതിന്റെ അന്തസത്ത ഉള്‍ക്കൊളളാന്‍ വായിച്ചുകൊണ്ടേയിരിക്കണമെന്ന് ഡോ. മനീഷ് മുഹമ്മദ് ഓര്‍മ്മിപ്പിച്ചു. ഓരോ വായനയും ഓരോ തലത്തിലേക്ക് മ്മ കൈപിടിച്ചു നടത്തും. വരളുന്ന ഹൃദയഭൂമികയിലെ കവിതകള്‍ പ്രതിനിധീകരിക്കുന്ന വിഷയവൈവിധ്യവും വരികളിലെ ലാളിത്യവും ഹൃദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് വോയ്‌സ് ചീഫ് എഡിറ്റര്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ആര്‍.പി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ചന്തന്‍ ഷേണായി ഉദ്ഘാടനം ചെയ്തു. മാധ്യമം ദമ്മാം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴ കവിതാ സമാഹാരം പരിചയപെടുത്തി. പി.എ.എം ഹാരിസ്, ടി.പി മുഹമ്മദ്, ഡോ. അജി വര്‍ഗീസ്, ആലികുട്ടി ഒളവട്ടൂര്‍, ശിഹാബ് കൊയിലാണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എയ്ഞ്ചല്‍ ക്രിസ്റ്റി അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും റോണി ജോണ്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top