Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

എയര്‍ ബബിള്‍ യാഥാര്‍ത്ഥ്യമായി; ഇന്ത്യ-സൗദി ആദ്യ വിമാനം ജനുവരി 1ന്

റിയാദ്: എയര്‍ ബബിള്‍ കരാര്‍ പ്രകാരം കൊഴിക്കോട്, കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ എട്ട് നഗരങ്ങളില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔാസാഫ് സഈദ്. നേരിട്ട് സൗദിയിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമാണെന്നും അംബാസഡര്‍ വ്യക്തമാക്കി.

എയര്‍ ബബിള്‍ പ്രകാരം ജനുവരി ഒന്നുമുതല്‍ ഇന്ത്യാ-സൗദി വിമാന സര്‍വീസ് ആരംഭിക്കും. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് പുറമെ ചെന്നൈ, ബംഗ്‌ളുരു, ഹൈദരാബാദ്, ലക്‌നോ, മുംബൈ, ദല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുകയെന്ന് അംബാസഡര്‍ ഡോ. ഓസാഫ് സഈദ് ഇന്ത്യന്‍ എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആഴ്ചയില്‍ എത്ര സര്‍വീസ് വീതം നടത്തണമെന്ന് ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി തീരുമാനിക്കും. നിലവില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് മാത്രമാണുളളത്. എയര്‍ ബബിള്‍ നിലവില്‍ വന്നതോടെ നേരിട്ട് യാത്രക്ക് അവസരം ലഭിക്കും. അതേസമയം, സൗദിയിലെത്തുന്നവര്‍ക്ക് 5 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ ബാധകമാണെന്നും അംബാസഡര്‍ വ്യക്തമാക്കി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മെയ് മുതല്‍ സൗദിയില്‍ കുടുങ്ങിയ എട്ട് ലക്ഷം പേരെ വന്ദേ ഭാരത് മിഷന്‍ സര്‍വീസിലും ചാര്‍ട്ടേഡ് വിമാനങ്ങളിലും ഇന്ത്യയിലെത്തിച്ചതായും അംബാസഡര്‍ പറഞ്ഞു.

അതേസമയം, മലബാറിലുളളവര്‍ കോഴിക്കോട് എയര്‍പോര്‍ട്ടും ദക്ഷിണ കേരളത്തിലുളളവര്‍ കൊച്ചി എയര്‍പോര്‍ട്ടും യാത്രക്ക് ഉപയോഗിക്കേണ്ടിവരും. എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ 2020 മാര്‍ച്ച് മുതല്‍ നിലനിന്ന യാത്രാ പ്രതിസന്ധിക്ക് പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top