
പത്തനംതിട്ട: വിശപ്പുരഹിത കേരളത്തിനായി കൈകോര്‍ത്ത് റിയാദിലെ പ്രവാസി സംഘടനയായ കേളി കലാസാംസ്‌കാരിക വേദി. സംഘടനയുടെ പന്ത്രണ്ടാം കേന്ദ്രസമ്മേളന തീരുമാനപ്രകാരമുള്ള ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി കോന്നിയിലെ ഇ.എം.എസ്. ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന സ്‌നേഹാലയം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന് ഒരു മാസത്തെ ഭക്ഷണച്ചെലവിനുള്ള ധനസഹായം കൈമാറി.

കേളി അസീസിയ ഏരിയ പ്രവര്‍ത്തകന്‍ വിജയന്‍ പുളിവേലിയാണ് സ്‌നേഹാലയത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേളിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സ്ഥാപനത്തിലെ അന്തേവാസികള്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഒരു മാസത്തേക്ക് മൂന്നു നേരത്തെ ഭക്ഷണത്തിനുള്ള തുകയാണ് കേളി നല്‍കിയത്. പ്രവാസലോകത്തു നിന്നുള്ള ഈ ഇടപെടല്‍ അശരണര്‍ക്ക് വലിയൊരാശ്വാസമായി.
സ്‌നേഹാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ശ്യാംലാല്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുനില്‍കുമാര്‍ ധാരണപത്രം പ്രസിഡന്റിന് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ജോയ്, കേളി കുടുംബവേദി അംഗം ലക്ഷ്മി, റോധ ഏരിയ കമ്മിറ്റി അംഗം ആഷിക് ബഷീര്‍, മുന്‍ കേന്ദ്ര കമ്മിറ്റി അംഗം രാജന്‍ പള്ളിത്തടം, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറിയും സ്‌നേഹാലയം രക്ഷാധികാരിയുമായ രഘുനാഥ് ഇടത്തിട്ട, ട്രഷറര്‍ ശ്രീകുമാര്‍, രക്ഷാധികാരി അംഗങ്ങളായ രഞ്ജന്‍, സുധാ രഞ്ജന്‍, വര്‍ഗീസ് ബേബി, സദാശിവന്‍ പിള്ള, സോമനാഥന്‍, വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കാന്‍സര്‍, സ്‌ട്രോക്ക് രോഗികള്‍, പരിചരണം ആവശ്യമുള്ള വൃദ്ധര്‍ എന്നിവര്‍ക്കാണ് സ്‌നേഹാലയം തണലാകുന്നത്. കിടപ്പുരോഗികള്‍ക്ക് 24 മണിക്കൂര്‍ നഴ്‌സിംഗ് പരിചരണം, ആംബുലന്‍സ് സൗകര്യം, വീടുകളിലെത്തി പരിചരണം നല്‍കുന്ന ഹോം കെയര്‍ സേവനങ്ങള്‍ എന്നിവ സൗജന്യമായി ഇവിടെ നല്‍കിവരുന്നു. പൂര്ണമായും ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് കേളിയുടെ സഹായം വലിയ പിന്തുണയാണ് നല്‍കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






