കെഎംസിസി, ഒഐസിസി മെഗാ ഇഫ്താറുകള്‍ ഇന്ന്; ലൊക്കേഷന്‍ മാപ്പ്

റിയാദ്: കാരുണ്യത്തിന്റെ വാതില്‍ തുറന്ന വ്രതാരംഭം പാപമോചനത്തിന്റെ രണ്ടാമത്തെ പത്തും പിന്നിടുന്നു. ഇനി നരക മോചനത്തിനുളള അവസാന പത്തിലേക്കുളള പ്രയാണമാണ് വിശ്വാസികള്‍ക്ക്. ഇതിനിടെ പ്രവാസി കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമങ്ങളും അത്താഴ വിരുന്നും ഒരുക്കി റമദാന്‍ സൗഹൃദത്തിനും ആത്മീയ ചൈതന്യത്തിനും കൂടുതല്‍ കരുത്തു നേടുകയാണ്.

മാര്‍ച്ച് 29 വെളളി റിയാദില്‍ മലയാളി കൂട്ടായ്മകളുടെ രണ്ട് മെഗാ ഇഫ്താറുകള്‍ക്കാണ് വേദി ഒരുങ്ങുക. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഷിഫ അല്‍ ഇമാം മുസ്‌ലിം റോഡില്‍ അല്‍ അമൈരി ഓഡിറ്റോറിയത്തിലാണ് ഇഫ്താര്‍ സംഗമം. അയ്യായിരം പേര്‍ക്ക് ഇഫ്താറിനുളള സൗകര്യമാണ് ഒരുക്കുന്നത്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് കെഎംസിസി അറിയിച്ചു. ലൊക്കേഷന്‍ മാപ്: https://maps.app.goo.gl/YTEXYcR72sCJiiQw7

അതേസമയം, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി എക്‌സിറ്റ് 18 സുലൈ സദ കമ്യൂണിറ്റി സെന്ററിലാണ് ഇന്ന് ഇഫ്താര്‍ സംഗമം ഒരുക്കുക. അബ്ദുല്ല വഞ്ചാഞ്ചിറയുടെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി വന്നതിന് ശേഷം നടക്കുന്ന ഇഫ്താര്‍ വിരുന്നില്‍ മുഴുവന്‍ ജില്ലാ കമ്മറ്റികളുടെയും സാന്നിധ്യം ഉണ്ടാകും. ലൊക്കേഷന്‍ മാപ് ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക. https://goo.gl/maps/Td3VdanmyoWFhkdFA

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെഎംസിസി-ഒഐസിസി സെന്‍ട്രല്‍ കമ്മറ്റികള്‍ നേരത്തെ യുഡിഎഫ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ച് അത്താഴ സംഗമവും തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയ്‌നും നടത്തിയിരുന്നു. ഇന്നു നടക്കുന്ന ഇഫ്താറുകളില്‍ ഇടതു പോഷക സംഘടനകളായ കേളി, നവോദയ കൂട്ടായ്മകളുടെ പ്രതിനിധികളും ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കും. അതുകൊണ്ടുതന്നെ ഇടതു-വലതു മുന്നണി പ്രവര്‍ത്തകര്‍ സംഗമിക്കുന്ന ഇഫ്താര്‍ മീറ്റിലെ സൗഹൃദ സംഭാഷണങ്ങളില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളും അരങ്ങേറും.

റിയാദിലെ മറ്റൊരു മുഖ്യധാരാ പ്രവാസി കൂട്ടായ്മ കേളി ഏപ്രില്‍ 5ന് മെഗാ ഇഫ്താര്‍ സംഘടിപ്പിക്കും. റമദാന്‍ തീരുന്നതുവരെ വിവിധ കൂട്ടായ്മകളും സംരംഭകരും സമൂഹ നോമ്പുതുറ ഒരുക്കിയിട്ടുണ്ട്. റിയാദില്‍ ഈ വര്‍ഷം നടക്കുന്ന സമൂഹ നോമ്പുതുറയില്‍ വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാന്‍ ദിയാ ധനം സമാഹരിക്കാനുളള ദൗത്യവും നടക്കുന്നുണ്ട്.

Leave a Reply