റിയാദ്: ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ട്വിറ്റര്‍ ഹാന്റിലിനെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു. സൗദിയിലുളള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
എംബസി സപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ ഹാന്റില്‍ വഴിയാണ് സൗദിയിലുളള ഇന്ത്യക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഐന്‍ഡി അണ്ടര്‍ സ്‌ക്വയര്‍ എംബസി ഡോട് എംഇഎ ഡോട് ജിഒവി അറ്റ് പ്രോറ്റോണ്‍മെയില്‍ ഡോട് കോം എന്ന ഇ മെയില്‍ വിലാസവും പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ട്, ഇ മെയില്‍ ഐഡി എന്നിവയുമായി റിയാദ് ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്ന അധികൃതര്‍ അറിയിച്ചു.
എംബസിയുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇഒഐ റിയാദ് ഡോട് ജിഒവി ഡോട് ഇന്‍ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സൗദിയിലുളളവരെ ഇന്ത്യയിലെത്തിക്കാമെന്ന് വ്യാജപ്രചാരണം നടത്തി പണം തട്ടുന്ന സംഘത്തിന്റെ ചതിയില്‍ പെടരുത്. ഇന്ത്യന്‍ മിഷന്റെ ഇ മെയില്‍ ഐഡി അവസാനിക്കുന്നത് എംഇഎ ഡോട് ജിഒവി ഡോട് ഇന്‍ എന്നാണ്. ഇത് ശ്രദ്ധിക്കണമെന്നും റിയാദ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.