
കോഴിക്കോട്: ജന്മനാട്ടിലെ അവകാശങ്ങളും ആനുകൂല്യങ്ങളും തിരിച്ചറിയാന്‍ പ്രവാസികള്‍ ബോധവാന്മാരാകണമെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം ക മുനീര്‍ എംഎല്‍എ. കോഴിക്കോട് സൗദി കെഎംസിസി സെന്ററില്‍ പ്രവാസി സാമൂഹ്യ ക്ഷേമ പുനരധിവാസ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമാകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സൗദി കെഎംസിസിയുടെ പൊന്‍തൂവലായി സെന്റര്‍ മാറും.

ഉപജീവനം തേടി പോയ പ്രവാസികളില്‍ ഭൂരിഭാഗവും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സാധാരണ നിലയില്‍ തന്നെ കഴിയുന്നവരാണ്. എല്ലാ വിഭാഗങ്ങളെയും പോലെ സ്വദേശത്ത് ലഭിക്കുന്ന അവകാശങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലഭ്യമായ ആനുകൂല്യങ്ങളെ സംബന്ധിച്ച് പ്രവാസികളില്‍ ഭൂരിഭാഗവും അജ്ഞരാണ്. പ്രായോഗിക തടസങ്ങള്‍ ഏറെയുണ്ടായിട്ടും ശ്രമകരമായ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്ന കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തുമ്പോഴാണ് കെഎംസിസി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലം പ്രവാസികള്‍ക്ക് ബോധ്യപ്പെടുക.

സൗദി കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. വേള്‍ഡ് കെഎംസിസി പ്രസിഡണ്ട് കെ.പി. മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി. എ. ഹംസ, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, എ പി ഇബ്രാഹിം മുഹമ്മദ്, സഫരി വെള്ളയില്‍, ലത്തീഫ് തച്ചംപൊയില്‍, ശരീഫ് ചോലമുക്ക്, ഉസ്മാന്‍ ഒട്ടുമ്മല്‍, കെ ഹംസ, പി. എന്‍. അഹമ്മദ്കുട്ടി പള്ളിക്കല്‍, ഉമ്മര്‍കോയ തുറക്കല്‍, ഫായിസ് വാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികളും സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും റഫീഖ് പാറക്കല്‍ നന്ദിയും പറഞ്ഞു.

നോര്‍ക്കയില്‍ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ പ്രവാസി സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കുന്നതിനും അതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും കെഎംസിസി വിപുലമായ പരിപാടികളാവിഷ്‌കരിക്കും. കെഎംസിസിയുടെ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ ഒരു ലക്ഷത്തിലധികം പേരെ നോര്‍ക്കയുടെ വിവിധ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന നടപടികളുടെ ഭാഗമാണ് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു ഓഫീസ് തുടങ്ങിയത്. പ്രവാസികള്‍ക്ക് അര്‍ഹതപ്പെട്ടത് നേടി കൊടുക്കുക എന്നതാണ് ഓഫീസിന്റെ ലക്ഷ്യം.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.