സ്ഥാപനം കൈമാറുമ്പോള്‍ തൊഴിലാളികളെ വില്‍ക്കാന്‍ അവകാശമുണ്ടോ?

ഞാന്‍ റിയാദിലെ പ്രമുഖ ലിമൂസിന്‍ കമ്പനിയില്‍ ജോലി ചെയ്തു വരുകയാണ്. ആറു മാസത്തെ അവധിക്ക് നാട്ടില്‍ പോയി കഴിഞ്ഞ ആഴ്ചയാണ് മടങ്ങിയെത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് ഓഫീസിലെത്തിയപ്പോഴാണ് കമ്പനി മറ്റൊരു ലിമൂസിന്‍ കമ്പനിക്ക് വിറ്റതായി അറിയുന്നത്. 250 ഡ്രൈവര്‍മാരുളള ഞങ്ങളുടെ കമ്പനി മികച്ച സേവന വേതന വ്യവസ്ഥയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ കമ്പനി ആനുകൂല്യങ്ങള്‍ പകുതിയിലേറെ വെട്ടിക്കുറച്ചു. പ്രതിദിനമുളള ലിമൂസിന്‍ വാടക വര്‍ദ്ധിപ്പിച്ചു. അതിനാല്‍ എനിക്ക് പുതിയ കമ്പനിയില്‍ തുടരാന്‍ താല്‍പര്യമില്ല. പുതിയ സ്‌പോണ്‍സറെ കണ്ടെത്തി വിസ ട്രാന്‍സ്‌ഫെര്‍ ചെയ്യാന്‍ കഴിയുമോ? ജോലിയില്‍ പ്രവേശിച്ചിട്ടുമില്ല. കമ്പനിക്ക് തൊഴിലാളികളെ വില്‍ക്കാന്‍ നിയമ പ്രകാരം അവകാശമുണ്ടോ? നീതി ലഭ്യമാകാന്‍ ഞാന്‍ ഏത് കോടതിയെ സമീപിക്കണം?

ഉത്തരം :

നിലവിലുളള ലേബര്‍ നിയമ പ്രകാരം തൊഴിലാളികള്‍ ഉള്‍പ്പെടെ കമ്പനി വിത്ക്കുന്നതിന് മാനേജ്‌മെന്റിന് എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും. താങ്കളെ ലിമൂസിന്‍ ഡ്രൈവറായി കൊണ്ടുവന്നത് നിശ്ചിത വേതനം സമ്മതിച്ച തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു.

പഴയ കമ്പനിയില്‍ നിന്ന് പ്രതിമാസം ശമ്പളം ലഭിച്ചിരുന്നോ, അതോ ദിവസവുമുളള കളക്ഷനില്‍ നിന്ന് കമ്പനിക്ക് നിശ്ചിത സംഖ്യ അടക്കുകയും ബാക്കി തുക ഡ്രൈവര്‍മാര്‍ക്ക് അനുവദിക്കുകയായിരുന്നോ എന്ന് ചോദ്യത്തില്‍ വ്യക്തമല്ല.

നിശ്ചിത സംഖ്യ പ്രതിമാസ വേതനം ലഭിക്കുകയും അതിനു പുറമേ കമ്മീഷന്‍, ബോണസ് എന്നിവ ലഭിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കരാര്‍ നിയമ സാധുതയുളളതായി പരിഗണിക്കാം. അല്ലാത്തപക്ഷം സാധുതയില്ലാത്ത കരാറും വ്യവസ്ഥകളുമായിരിക്കും പിന്തുടരുന്നതെന്നു വേണം കരുതാന്‍. ഈ സാഹചര്യത്തില്‍ ലേബര്‍ കോടതി മുമ്പാകെ ഉന്നയിക്കുന്ന വാദഗതികള്‍ എത്രമാത്രം വിജയകരമായിരിക്കുമെന്ന് പ്രവചിക്കാനാവില്ല.

അതേസമയം, നിങ്ങളുടെ പഴയ കമ്പനി പ്രതിമാസ ശമ്പളം നല്‍കിയിരുന്നുവെങ്കില്‍, അതില്‍ നിന്ന് പിന്‍മാറാന്‍ പുതിയ കമ്പനിക്ക് കഴിയില്ല. ഇതു സംബന്ധിച്ച് പ്രസക്തമായ ലേബര്‍ നിയമം ഇപ്രകാരമാണ്.

ആര്‍ട്ടിക്കിള്‍ 11
(1) ഏതെങ്കിലും ഒരു സംരംഭത്തിന്റെ ഉടമ പൂര്‍ണ്ണമായോ, ഭാഗികമായോ തന്റെ ബിസിനസ്സ് കൈമാറുകയാണെങ്കില്‍, തൊഴിലുടമയും തൊഴിലാളികളും അനുവദിച്ചിരുന്ന എല്ലാ അവകാശങ്ങളും അധികാരങ്ങളും പിന്നീടു വരുന്ന തൊഴിലുടമയിലും തൊഴിലാളികളിലും കൂട്ടായും ഒറ്റക്കും നിറവേറ്റാന്‍ ബാധ്യത ഉണ്ടായിരിക്കും. (ഇരു കക്ഷികള്‍ക്കും പരസ്പരം ബാധ്യതയുണ്ടെന്നര്‍ത്ഥം)

(2) ഒന്നിലധികം തൊഴിലുടമകളുണ്ടെങ്കില്‍, എല്ലാവര്‍ക്കും കൂട്ടായും ഒറ്റക്കും ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കരാര്‍ പ്രകാരം ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍ സഫലീകരിക്കാന്‍ ഉത്തരവാദിത്തമുണ്ടായിരിക്കും.

Leave a Reply