
റിയാദ്: സൗദിയിലെ ബിശയില്‍ അപകടത്തില്‍ മരിച്ച കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറിനും കുടുംബത്തിനും റിയാദിലെ പ്രവാസി സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. ജാബിറിന്റെ ഭാര്യ ഷബ്‌ന, മക്കളായ ലുത്ഫി (12), സഹ (7), ലൈബ (5) എന്നിവരുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദ് ഷുമൈസി ആശുപത്രിയില്‍ എംബാം ചെയ്തു. അവിടെ നിന്ന് ഡിസംബര്‍ 6ന് രാത്രി റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ച മൃതദേഹങ്ങള്‍ ഡിസംബര്‍ 7ന് രാവിലെ 10.10ന് എമിറേറ്റ്‌സ് ഇകെ 2028 കാര്‍ഗോ വിമാനത്തില്‍ ദുബായില്‍ എത്തിച്ചു. ഡിസംബര്‍ 7ന് യുഎഇ സമയം രാത്രി 9.45ന് എമിറേറ്റ്‌സിന്റെ ഇകെ 0532 കാര്‍ഗോ വിമാനത്തില്‍ 8ന് പുലര്‍ച്ചെ3.05ന് കൊച്ചിയില്‍ എത്തിക്കും. ഇവിടെ നിന്നു ആംബുലന്‍സില്‍ റോഡ് മാര്‍ഗം കോഴിക്കോട്ട് ബേപ്പൂരിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. അഞ്ചംഗ കുടുംബത്തിന് സിമന്റ കട്ട ഉപയോഗിച്ച് അടുത്തടുത്ത ഖബറുകള്‍ തയ്യാറാക്കിയാണ് അന്ത്യ വിശ്രമത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

റിയാദ് കെഎംസിസി നേതാക്കളായ സിദ്ദീഖ് തുവ്വൂര്‍, അഷ്‌റഫ് വേങ്ങാട്ട്, സിപി മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍പൂര്‍ത്തിയാക്കി. വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരായ മെഹബൂബ് കണ്ണൂര്‍, നജ്മല്‍, അന്‍സാര്‍ എന്നിവര്‍ സഹായത്തിന് ഒപ്പമുണ്ടായിരുന്നു. കെഎംസിസി വനിതാ പ്രവര്‍ത്തകരായ റഹ്മത്ത്, നുസൈബ, നജ്മ എന്നിവരാണ് ജാബിറിന്റെ ഭാര്യ ഷബ്‌നയുടെ മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നല്‍കിയത്. ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരവും നടന്നു. ജസാനിലെ ജോലി സ്ഥലത്തേക്ക് ജുലൈബില്‍ നിന്ന് റിയാദ് വഴി സഞ്ചരിക്കുന്നതിനിടെ സ്വദേശി പൗരന്റെ ലാന്റ്ക്രൂയ്‌സര്‍ കാര്‍ ഇടിച്ചാണ് ഡിസംബര്‍ 3ന് അപകടം നടന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






