റിയാദ്: അഫ്ഗാന്‍ ജനതക്ക് സഹായം നല്‍കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. നാടകീയമായി താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിലെ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്തതായും ഒഐസി അറിയിച്ചു.
യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനില്‍ മാനുഷികമായ ആവശ്യങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ ജനതക്ക് പിന്തുണ ആവശ്യമാണെന്ന് ഒഐസി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ മുഹമദ് അല്‍ ഒതൈമീന്‍ പറഞ്ഞു.
57 മുസ്ലീം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഒഐസി ജിദ്ദയില്‍ അസാധാരണ അടിയന്തിര യോഗം ചേര്‍ന്നാണ് അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്തത്. അന്തര്‍ദേശീയ മാനവിക നിയമങ്ങളെ താലിബാന്‍ അംഗീകരിക്കണം. സുരക്ഷ ഉറപ്പുവരുത്തണം. ജീവിക്കാനുള്ള അവകാശങ്ങളെ താലിബാന്‍ ബഹുമാനിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനെ സഹായിക്കുന്നതിനും രാജ്യത്ത് സമാധാനം കൈവരിക്കുന്നതിനും ഒഐസി പ്രതിജ്ഞാബദ്ധമാണ്. അഫ്ഗാനിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുളള അഭിപ്രായവ്യത്യാസങ്ങള്‍ ‘സമാധാനപരമായി’ പരിഹരിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു.
സംഘടനയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന സൗദി അറേബ്യയുടെ ആവശ്യപ്രകാരമാണ് ഒഐസി അടിയന്തിര യോഗം ചേര്‍ന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.