Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ഒളവണ്ണ അബൂബക്കര്‍ ദാരിമിക്ക് പണ്ഡിത പ്രതിഭാ പുരസ്‌കാരം

കോഴിക്കോട്: റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെഡിഎംഎഫ്) പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും കോഴിക്കോട് ജില്ലാ ട്രഷററും പണ്ഡിതനുമായ ഒളവണ്ണ അബൂബക്കര്‍ ദാരിമിക്കാണ് പുരസ്‌കാരം. സൗദി അറേബ്യയില്‍ റിയാദ് കേന്ദ്രമായി കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ വൈജ്ഞാനിക സാംസ്‌കാരിക സാമൂഹിക പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കെഡിഎംഎഫ് റിയാദ് ആണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കുന്നത്. 2011 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന്റെ ആറാമത് സമര്‍പ്പണമാണിത്. സപ്തംബര്‍ പതിനൊന്നിന് മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

മത രംഗത്തെ വൈജ്ഞാനിക സേവനം, പാണ്ഡിത്യം, സംഘാടനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സുപ്രഭാതം സി ഇ ഒ മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, കെ ഡി എം എഫ് മുഖ്യരക്ഷാധികാരി മുസ്തഫ ബാഖവി പെരുമുഖം, ഉന്നതാധികാര സമിതി അംഗം ശമീര്‍ പുത്തൂര്‍ അടങ്ങിയ ജൂറിയാണ് ഒളവണ്ണ അബൂബക്കര്‍ ദാരിമിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

1966ല്‍ പ്രമുഖ പണ്ഡിതനായ ഒളവണ്ണ ഉണ്ണിക്കോയ മൊല്ല-ബേപ്പൂര്‍ ഖദീജ എന്നവരുടെ മകനാണ് ഒളവണ്ണ അബൂബക്കര്‍ ദാരിമി. ഭാര്യ കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്ലിയാരുടെ മകള്‍ പരേതയായ മറിയം. മക്കള്‍ ആമിന, ഫര്‍ഹാന, അനസ് യമാനി, ഖദീജ ഫാഇസ ദാഇയ, സഹ്‌ല ബതൂലിയ്യ, മരുമക്കള്‍ ഫൈസല്‍ യമാനി, അലി ബാഖവി, തമീം ഹുസൈന്‍ ഹൈതമി, ഇയാസ് ജലാലി, മുനവ്വിറ ഫളീല.
പ്രാഥമിക പഠനം ഒളവണ്ണയില്‍ മദ്രസ അഞ്ചാം തരവും ഫറോഖ്, റഹ്മാന്‍ ബസാര്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ എട്ടാം തരവും പൂര്‍ത്തിയാക്കി. പതിനാലാം വയസ്സുമുതല്‍ ആറു വര്‍ഷം പിതാവിന്റെ സുഹൃത്തും പണ്ഡിതനുമായിരുന്ന ഇബ്രാഹിം ഫൈസിയുടെ ദര്‍സില്‍ ചേര്‍ന്നു. നടുവണ്ണൂര്‍, കിഴുക്കോട്, ബാലുശ്ശേരിപുനത്തില്‍ എന്നീ സ്ഥലങ്ങളില്‍. പിന്നീട് ശംസുല്‍ ഉലമയുടെ ശിക്ഷണത്തില്‍ പട്ടിക്കാട് ജാമിയ നൂരിയ, എട്ടിക്കുളം, പൂച്ചക്കാട്, നന്തി ജാമിയ ദാറുസ്സലാം എന്നിവിടങ്ങളില്‍ പഠനം..

സിഎം വലിയുല്ലാഹി, ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ആത്മീയ ഗുരുക്കന്മാരും ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം കോട്ടുമല അബുബക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം കെ കെ അബൂബക്കര്‍ ഹസ്‌റത്ത്, കോട്ടുമല മൊയ്ദീന്‍ കുട്ടി മുസ്ലിയാര്‍, മര്‍ഹൂം ഇബ്രാഹിം ഫൈസി, എംടി അബ്ദുല്ല മുസ്‌ലിയാര്‍, ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബുഹാരി എന്നിവര്‍ ഉസ്താദുമാരുമാണ്.

1980ല്‍ ആദ്യമായി നന്തി ദാറുസ്സലാമില്‍ നിന്ന് ദാരിമി ബിരുദമെടുത്ത ഏഴ് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് അദ്ദേഹം. പതിനേഴ് വര്‍ഷം നന്തി ദാറുസ്സലാമിലും കുറ്റിക്കാട്ടൂര്‍ ജാമിയ യമാനിയ്യ, തൃപ്പനച്ചി പള്ളി, കാഞ്ഞങ്ങാട് മുട്ടും തലയില്‍, കൊളത്തറ, ഒളവട്ടൂര്‍ മങ്ങാട്ടുമുറി, രാമനാട്ടുകര ചേലേമ്പ്ര എന്നിവിടങ്ങളില്‍ അധ്യപകനായിരുന്നു. പിതാവിന് ശേഷം പാരമ്പര്യമായി ഒളവണ്ണ ഉളക്കടവ് മഹല്ലില്‍ ഖാസിയായി സേവനം ചെയ്തു വരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top