
ദമ്മാം: സൗദിയില്‍ ആദ്യം കൊവിഡ് പ്രത്യക്ഷപ്പെട്ട കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ ആവശ്യമായ മുഴുവന്‍ ആരോഗ്യ സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍. ഗര്‍ഭപരിചരണം, അര്‍ബുദം തുടങ്ങി തുടര്‍ ചികിത്സ ആവശ്യമുളളവര്‍ മറ്റു നഗരങ്ങളിലേക്ക് പോകേണ്ട സാഹചര്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഖത്തീഫിലെ ഗൈനക്കോളജി യൂണിറ്റ് 25 രോഗികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ എല്ലാ ദിവസവും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗൈനക്കോളജി സെന്റര്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത വര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നത്.
കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കേസ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 35 ആരോഗ്യ പ്രവര്‍ത്തകര്‍ ആഴ്ചയില്‍ അഞ്ച് ദിവസം കീമോതെറാപ്പി ആവശ്യമുളള രോഗികള്‍ക്ക് സേവനം നല്‍കുന്നുണ്ട്. ഇവരുടെ സേവനം ദിവസവും ഒന്‍പത് മണിക്കൂര്‍ ലഭ്യമാണ്. രാവിലെ 7:30 മുതല്‍ വൈകുന്നേരം 4:30 വരെ ഖത്തീഫ് നിവാസികകള്‍ക്ക് ഇന്‍ട്രാവൈനസ് കീമോതെറാപ്പി, കൗണ്‍സലിംഗ് എന്നിവ നല്‍കുന്നുണ്ട്.
ഖത്തീഫിലെ രോഗികളുടെ ഫയലുകള്‍ അവലോകനം ചെയ്യുന്നതിനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കീമോതെറാപ്പി ചികിത്സ തടസ്സമില്ലാതെ നല്‍കുന്നതിനും സംയുക്ത സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ദമ്മം കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഓങ്കോളജി സെന്റര്‍ ഡയറക്ടര്‍ ഡോ. ഹാനി അല്‍ ഹാഷ്മി പറഞ്ഞു. ഖത്തീഫിലുളളവരുടെ ആരോഗ്യ സുരക്ഷക്ക് ആവശ്യമയ മുഴുവന്‍ സേവനങ്ങളും അവിടെതന്നെ ലഭ്യമാക്കുന്നുണ്ട്. ഖത്തീഫിലുളളവര്‍ ചികിത്സ തേടി മറ്റു നഗരങ്ങളിലേക്കു പോകേണ്ട ആവശ്യമില്ലെന്നും അല്‍ ഹാഷ്മി പറഞ്ഞു.
അതേസമയം, പതിനഞ്ച് മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 1,304 പേര്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ ഹോം ക്വാറന്റൈനില്‍ നിരീക്ഷണത്തിലുളളതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 16 വരെയുളള കണക്കാണിത്. കൊവിഡ് വൈറസിന്റെ ലക്ഷണങ്ങളില്ലാത്ത 104 പേര്‍ വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇവര്‍ക്ക് വൈറസ് ബാധയില്ലെന്നും ഖത്തീഫ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാര്‍ച്ച് എട്ടിന് ഖത്തീഫിലേക്കുളള പ്രവേശന കവാടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് ആദ്യം കൊവിഡ് കണ്ടെത്തിയ എല്ലാ കേസുകളും ഇവിടെ നിന്നായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






