റമദാന്‍ ‘വൈബ്’; ആഘോഷ രാവൊരുക്കി ദി ഗ്രോവ്‌സ്

റിയാദ്: റമദാന്‍ രാവുകള്‍ക്ക് പ്രത്യേക വൈബ് സമ്മാനിക്കുകയാണ് ദി ഗ്രോവ്‌സ് എന്ന പേരില്‍ റിയാദില്‍ ഒരുക്കിയിട്ടുളള പ്രത്യേക മേഖല. ഭക്ഷ്യ വിഭവങ്ങള്‍, കലാപ്രകടനങ്ങള്‍ എന്നിവയ്ക്കുപുറമെ വര്‍ണ ദീപങ്ങളും ഇവിടുത്തെ കൗതുക കാഴ്ചകളാണ്.

ആത്മീയ ചൈതന്യം തുളുമ്പുന്ന റമദാന്‍ രാവുകളില്‍ പ്രാര്‍ഥനകള്‍ കഴിഞ്ഞെത്തുന്നവര്‍ക്ക് വിനോദവും സംഗീതവും സമന്വയിപ്പിച്ച് സമയം ചെലവഴിക്കാനുളള ഇടമാണ് ഗ്രോവ്‌സ്.

റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി ജനറല്‍ എന്റെൈര്‍ന്‍മെന്റ് അതോറിറ്റി നാലു വര്‍ഷം മുമ്പാണ് ഗ്രോവ്‌സ് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം റമദാനില്‍ ഗ്രോവ്‌സ് സന്ദര്‍ശകര്‍ ഏറിയാരുന്നു. ഇതോടെ റിയാദിലെ അല്‍ റഫ്ഹയിലെ വിശാലമായ പ്രദേശത്തേയ്ക്ക് ഗ്രോവ്‌സ് മാറ്റി സ്ഥാപിച്ചു.

പരമ്പരാഗത പരവതാനികള്‍, ചെറിയ ടെന്റുകള്‍, നടുമുറ്റം ഉള്‍പ്പെടെ നജ്ദി ശൈലിയിലുള്ള കൂടാരങ്ങള്‍ എന്നിവയെല്ലാം ഗ്രോവ്‌സില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

വിശാലമായ പൂന്തോട്ടത്തില്‍ വര്‍ണ ദീപങ്ങള്‍ക്കു നടുവില്‍ തയ്യാറാക്കിയ പരമ്പരാഗത റെസ്‌റ്റോറന്റുകള്‍, അറബ്, കോന്റിനെന്റല്‍ വിഭവങ്ങള്‍, ലൈവ് വിനോദ പരിപാടികള്‍ എന്നിവയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.

ഗ്രോവ്‌സ് ഡൈനിംഗില്‍ പൗരാണികവും ആധുനികവുമായ വിഭവങ്ങള്‍ നുകരാന്‍ ഇഫ്താറും സുഹൂറും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 5.45 മുതല്‍ പുലര്‍ച്ചെ 3 വരെ മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്കാണ് ഗ്രോവ്‌സില്‍പ്രവേശനം.

Leave a Reply