Sauditimesonline

edapa 2
ആത്മീയ ചൈതന്യവും സാംസ്‌കാരിക വിരുന്നും സംഗമിച്ച ഇഫ്താര്‍ വിരുന്ന്

ഹോര്‍മുസ് തടസ്സം മറികടക്കാന്‍ ചെങ്കടല്‍ പാത; ആഗോള വ്യാപാരത്തിന് സൗദിയുടെ തന്ത്രനീക്കം

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കു ഗതാഗതത്തിന് ബദല്‍ സംവിധാനവുമായി സൗദി അറേബ്യ. അറേബ്യന്‍ ഗള്‍ഫ് തീരത്തെ തുറമുഖങ്ങളില്‍ നിന്ന് ചരക്കുകപ്പല്‍ ഗതാഗതം ചെങ്കടല്‍ തീരത്തുള്ള സഊദി തുറമുഖങ്ങളിലേക്ക് തിരിച്ചുവിട്ടാണ് ചരക്കു നീക്കത്തിന് പുതിയ പദ്ധതി ആരംഭിച്ചത്. സഊദി ഗതാഗത മന്ത്രിയും പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാനുമായ സാലെഹ് അല്‍ ജാസര്‍ ആണ് ‘ലോജിസ്റ്റിക്‌സ് കോറിഡോര്‍സ് ഇന്‍ഷിയേറ്റീവ്’ പദ്ധതിക്ക് തുടങ്ങിയതായി അറിയിച്ചത്.
പുതിയ പദ്ധതിയുടെ ഭാഗമായി സഊദിയുടെ കിഴക്കന്‍ മേഖലയിലെ തുറമുഖങ്ങളില്‍ നിന്നു മറ്റ് ജിസിസി രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കു കണ്ടെയ്‌നറുകളും ചരക്കുകളും ചെങ്കടല്‍ തീരത്തുള്ള ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ട് ഉള്‍പ്പെടെയുള്ള തുറമുഖങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക ഇടനാഴി സജ്ജീകരിക്കും.

ഗ്ലോബല്‍ വ്യാപാര പാതകളിലൂടെ ചരക്കുകളുടെ സുതാര്യമായ ഒഴുക്ക് ഉറപ്പാക്കും. സപ്ലൈ ചെയിന്‍ സ്ഥിരത നിലനിര്‍ത്തി ചരക്കു ഗതാഗതം സുഗമമാക്കുന്നതിന് രാജ്യത്തിന് പ്രതിബദ്ധതയുണ്ടെന്നും മന്ത്രി അല്‍ ജാസര്‍ പറഞ്ഞു. കിഴക്കന്‍ മേഖലയിലെ തുറമുഖങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ ചെങ്കടല്‍ തീരത്തേക്ക് മാറ്റുന്നതിനും ഗള്‍ഫ് മേഖലയിലെ ചരക്കുകളെ പ്രാദേശികവും അന്തര്‍ദേശീയ വിപണികളുമായി ബന്ധിപ്പിക്കുന്നതിനും ജിദ്ദ ഇസ്‌ലാമിക് തുറമുഖം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴി കപ്പല്‍ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ നിര്‍ണായകമായ എണ്ണ, പ്രകൃതി വാതക ഗതാഗത ചോക്ക്‌പോയിന്റായി കണക്കാക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴി ലോകത്തെ അഞ്ചില്‍ ഒരു ഭാഗം എണ്ണ വിതരണമാണ് കടന്നുപോകുന്നത്.

അമേരിക്കയും ഇസ്രായേലും ഇറാനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ ഇറാന്‍ നീക്കം തുടങ്ങിയതോടെ ചരക്കു കപ്പല്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. ഇതോടെ പല ഷിപ്പിംഗ് കമ്പനികളും ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ്. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ഗള്‍ഫ് മേഖലയിലെ ചരക്കുകളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കാന്‍ ചെങ്കടല്‍ തീരത്തുള്ള സൗദി തുറമുഖങ്ങള്‍ക്കു കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top