Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പ്രവാസി വരുമാനത്തിലും വൈറസ് ബാധ; കേരളത്തെ ബാധിക്കും

നൗഫല്‍ പാലക്കാടന്‍

റിയാദ്: മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ബജറ്റ് താളം തെറ്റുന്നു. കൊവിഡ് പടര്‍ന്നതോടെ സാമ്പത്തിക കാര്യങ്ങളിലും വൈറസ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. രോഗ ഭീതിയോടൊപ്പം പല രാജ്യങ്ങളിലും തൊഴില്‍ പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. പലര്‍ക്കും ദിവസങ്ങളായി ജോലിയില്ല. കൊറോണ രംഗം വിടുമ്പോള്‍ പ്രതിസന്ധിയുടെ വൈറസ് ബാധയേറ്റ് സ്ഥാപനങ്ങള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുമോ എന്നും ചിലര്‍ക്ക് ഭയമുണ്ട്. ഭക്ഷണം, താമസം വാടക എന്നിവക്കു കരുതി വെച്ചിരുന്ന സമ്പാദ്യം പോലും തീര്‍ന്നു തുടങ്ങി. നീക്കിയിരിപ്പുകളില്ലാതെ വരാനിരിക്കുന്ന ശമ്പളം പ്രതീക്ഷിച്ചവരും നിരാശയിലാണ്. പ്രതിസന്ധിയുടെ ആഘാതം നാട്ടിലെ പ്രവാസി കുടുംബങ്ങളും അനുഭവിക്കുന്നുണ്ട്. ആധാരം പണയപ്പെടുത്തി വീടു വെച്ചവര്‍, തവണ വ്യവസ്ഥയില്‍ വായ്പ തിരിച്ചടക്കാനുള്ളവര്‍, പലചരക്കു കടയിലെ കണക്ക് തീര്‍ക്കേണ്ടവര്‍, വിദ്യാര്‍ഥികളുടെ ടൂഷന്‍ ഫീസ് എന്നിവയെല്ലാം പ്രവാസി കുടുംബങ്ങളിലെ സാമ്പത്തിക ബജറ്റിനെ തകിടം മറിക്കും. പ്രതിസന്ധി ഒരു പോലെ എല്ലാവരെയും ബാധിച്ച സാഹചര്യത്തില്‍ വായ്പ വാങ്ങാനോ തിരിമറി നടത്താനോ കഴിയാത്ത പ്രതേക അവസ്ഥയാണ് പ്രവാസ ലോകത്ത്. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സജീവമായതിനാല്‍ മരുന്നിനോ ഭക്ഷനടത്തിനോ ബുദ്ധുമുട്ടുന്നവര്‍ അപൂര്‍വ്വമാണ്. എന്നാല്‍ നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ താമസിയാതെ അതും നിലക്കുന്ന അവസ്ഥയാണ്.

എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തിയാണ് അതിജീവന പാക്കേജുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ സൗജന്യ ഇഖാമ(താമസരേഖ)യും അനധികൃതമായി താമസിക്കുന്നവര്‍ക്ക് വരെ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 എണ്ണേതര വരുമാനം വര്‍ധിപ്പിക്കുന്നതിന് പ്രതേകം പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായി വിദേശികളുടെ താമസ രേഖ പുതുക്കുന്നതിനുള്ള ലെവിയും കുടുംബമായി താമസിക്കുന്നവര്‍ക്ക് ആശ്രിത ലെവിയും ഏര്‍പ്പെടുത്തിയിരുന്നു. ഇതു കുടുംബമായി താമസിക്കുന്ന സാധാരണ പ്രവാസികളുടെ ബജറ്റു താളം തെറ്റിച്ചിരുന്നു. വാണിജ്യ രംഗത്തും ഇതിന്റെ അലയൊലികളുണ്ടായി. വിവിധ മേഖലകളില്‍ സ്വദേശി വല്‍ക്കരണം നിര്‍ബന്ധമായതോടെ പലരുടെയും തൊഴിലും നഷ്ടമായി. ഇങ്ങനെ പ്രവാസം വലിയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോഴാണ് കൊറോണയെന്ന മഹാദുരന്തം തലക്കുമേല്‍ പതിക്കുന്നത്. സൗദി അറേബ്യയില്‍ പതിനാലു ലക്ഷത്തിലധികം മലയാളികള്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നുണ്ട്. ഇതില്‍ 80 ശതമാനവും ബ്‌ളൂ കോളര്‍ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളാണ്. ഇവരുടെയെല്ലാം സാമ്പത്തിക അവസ്ഥക്ക് വൈറസ് ബാധ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുളളത്. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം മലയാളി സാമൂഹിക, സാംസ്‌കാരികകല, സംഘടനകളും പ്രവര്‍ത്തകരും സജീവമായിരുന്നു. നാട്ടില്‍ നിന്ന് സിനിമ നടന്‍മാരും കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ നടക്കേണ്ട ഓഡിറ്റോറിയങ്ങളിലൊന്നും ആളനക്കമില്ല. എല്ലാം നിശ്ചലം. ഈ മേഖലകളിലും നിരവധി മലയാളികള്‍ തൊഴിലെടുത്തിരുന്നു. പ്രതിസന്ധികളോട് ഏറ്റുമുട്ടാന്‍ കാലങ്ങളായി മനസ്സിനെ പാകപ്പെടുത്തിയ പ്രവാസികള്‍ ഈ കാലവും അതിജയിക്കുമെന്ന പ്രതീക്ഷയിലാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top