Sauditimesonline

SaudiTimes

ഖബറിടത്തില്‍ ഖല്‍ബിന്റെ കരുത്ത്; സിദ്ദീഖ് തുവ്വൂര്‍ ക്വാറന്റൈനിലാണ്

നസ്‌റുദ്ദീന്‍ വി ജെ ആലപ്പുഴ

സിദ്ദീഖ് തുവ്വൂര്‍

ജീവിതത്തിലാദ്യമായി ഡിസ്‌പോസബിള്‍ കവര്‍ഓള്‍ കയ്യില്‍ കിട്ടി. മനസ്സ് പതറിയില്ല. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി. കാല്‍പാതം മുതല്‍ തലവരെ മറയുന്ന കവര്‍ഓള്‍ ശരീരം മുഴുവന്‍ മറച്ചു. എന്‍ നെയന്റി മാസ്‌കും ഫെയ്‌സ് ഷീള്‍ഡും ധരിച്ചു. രണ്ട് സെറ്റ് കവര്‍ഓള്‍, മാസ്‌ക് എന്നിവ അധികം നല്‍കിയിരുന്നു. വൈറസ് ബാധയുളളവരെ പരിചരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരാണ് കവര്‍ഓള്‍ ഉപയോഗിക്കുന്നത്. ഇത് എപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്ന് ആശുപത്രി അധികൃതര്‍ കാണിച്ചിരുന്നു. ധരിക്കുമ്പോഴും അഴിക്കുമ്പോഴും ശ്രദ്ധ വേണം. കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ മയ്യിത്ത് ഏറ്റു വാങ്ങുന്നതിനാണ് സിദ്ദീഖ് തുവ്വൂര്‍ കവര്‍ഓള്‍ ധരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പ്രകാരം സജ്ജമാക്കിയ ആംബുലന്‍സ് എത്തി. മയ്യിത്ത് അതിനകത്തുവെച്ചു. ആംബുലന്‍സിന് പിന്നാലെ സിദ്ദീഖ് തുവ്വൂരും കാര്‍ ഓടിച്ച് പോയി. മറ്റാരും കൂട്ടിനില്ല. 24 മണിക്കൂര്‍ കര്‍ഫ്യൂ ആണ്. സഹായിക്കാന്‍ സന്നദ്ധരായവര്‍ക്കു പോലും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം.

മലപ്പുറം ചെമ്മാട് പുതിയകത്ത് സഫ്‌വാന്റെ മയ്യിത്ത് ഖബറടക്കുന്നതിനുളള തയ്യാറെടുപ്പു സിദ്ദീഖ് തുവ്വൂര്‍ തുടങ്ങിയിട്ട് നാലുദിവസമായി. ഓരോ ഓഫീസുകളും കയറിയിറങ്ങി. മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയ മരണ വിവരം പുറത്തു വന്നത് ഏപ്രില്‍ 4ന് രാത്രി ആണ്. പിറ്റേദിവസം തന്നെ ഇന്ത്യന്‍ എംബസിയില്‍ നിന്നു മയ്യത്തു മറവു ചെയ്യുന്നതിന് നോ ഒബ്ജക്ഷന്‍ ലെറ്റര്‍ കിട്ടി. പൊലീസ് സ്‌റ്റേഷനില്‍ നിന്നു ഖബറടക്കുന്നതിനുളള അനുമതിപത്രവും നേടി. ആശുപത്രിയില്‍ നിന്നുളള രേഖകളും ലഭിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരെ ഖബറടക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍നിര്‍ദേശം കര്‍ശനമായി പാലിക്കണം. ഖബര്‍ സ്ഥാനില്‍ സഹായത്തിന് ആളുണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. പ്രത്യേകം അനുമതി നേടിയിരുന്നെങ്കില്‍ സുഹൃത്തുക്കളെ ഒപ്പം കൂട്ടാമായിരുന്നു. ആളുണ്ടാവുമല്ലോ. സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കേണ്ട. പ്രത്യേക സാഹചര്യമാണല്ലോ നിലവിലുളളത്. ഇതെല്ലാം മനസ്സിലാക്കിയാണ് ഒറ്റക്ക് പുറപ്പെട്ടത്.

മഖ്ബറ അശ്ശിമാലില്‍ ആംബുലന്‍സ് എത്തി. കൊവിഡ് മരണം ആണെന്ന് അറിഞ്ഞതോടെ ആരും അടുക്കുന്നില്ല. ഡ്രൈവറുടെ സഹായത്തോടെ മയ്യത്ത് പുറത്തെടുത്തു. സ്വാഭാവിക മരണം സംഭവിച്ച ചിലരുടെ മയ്യത്തുകള്‍ മറവു ചെയ്യാന്‍ എത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ സഫ്‌വാന്റെ മയ്യിത്തിനു വേണ്ടി നിസ്‌കരിച്ചു. പ്രാര്‍ത്ഥിച്ചു. പക്ഷേ ഖബറിടത്തിലേക്ക് മയ്യിത്ത് ഇറക്കി വെക്കാനും സഹായിക്കാനും ആരും ഒരുക്കമല്ല. ഇതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ സ്ഥലം വിട്ടു. രണ്ട് ഓവര്‍ഓളും മാസ്‌കും അധികമുണ്ട്. ഇതു ധരിക്കാന്‍ സന്നദ്ധരായ രണ്ടുപേരെ സഹായത്തിന് കിട്ടണം. എങ്കില്‍ മാത്രമേ ഖബറടക്കാന്‍ കഴിയൂ. പലരെയും സമീപിച്ചു. ഓരോരുത്തര്‍ക്കും അവരവരുടേതായ ബുദ്ധിമുട്ടുകള്‍. ഇതിനിടെ മഖ്ബറയിലുണ്ടായിരുന്നവരെല്ലാം പോയിക്കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് ഓവര്‍ഓള്‍ ധരിച്ച് മയ്യത്തുമായി നില്‍ക്കുന്ന ആളെ നോക്കാനോ കേള്‍ക്കാനോ അവര്‍ക്കാവുന്നില്ല. ഭയം!

റിയാദ് മഖ്ബറ അശ്ശിമാലിലെ ഖബറിടം. ഇന്‍സെറ്റില്‍ മരിച്ച സഫ്‌വാന്‍

ഖബറിടത്തിനരുകെ ഖല്‍ബിന് പടച്ചവന്‍ പകര്‍ന്ന കരുത്ത് ആത്മ വിശ്വാസം നല്‍കി. മറ്റു മയ്യിത്തുകള്‍ ഖബറടക്കാന്‍ വന്ന ഇരുപത്തിയഞ്ചിലധികം ആളുകള്‍ അവിടെ ഉണ്ടായിരുന്നു. കൊവിടിന്റെ പശ്ചാത്തലത്തില്‍ അധിക സമയം ആര്‍ക്കും അവിടെ ചിലവഴിക്കാന്‍ അനുമതിയില്ല. നിമിഷ നേരംകൊണ്ടു എല്ലാവരും അപ്രത്യക്ഷരായി. സമയം ഉച്ചക്ക് ഒരു മണി കഴിഞ്ഞു. പൊരിവെയില്‍. എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന സമയം! പ്രാര്‍ത്ഥന മാത്രമായിരുന്നു കൈമുതല്‍.

ഇതിനിടെ രണ്ടു അറബ് വംശജര്‍ മയ്യിത്ത് ഖബറിലേക്ക് വെക്കാന്‍ സന്നദ്ധരായി വന്നു. അവര്‍ക്ക് കവര്‍ഓള്‍ നല്‍കി. മാസ്‌കും കയ്യുറയും ധരിച്ചു. പാപമോചനത്തിനുളള പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് സഫ്‌വാന്റെ മയ്യിത്ത് മൂന്ന് പേര്‍ ചേര്‍ന്ന് ഖബറിലേക്ക് ഇറക്കിവെച്ചു. കല്ലുകള്‍ പാകി സഹായിച്ചതിനു ശേഷം അറബ് വംശജര്‍ പോയി. മണ്‍വെട്ടിയെടുത്ത് ഖബര്‍ മൂടാന്‍ തുടങ്ങി. മൂന്നു നാലു ദിവസമായി തുടരുന്ന ഉക്കക്കുറവും യാത്രയും. മണ്ണുകോരാന്‍ കഴിയാത്ത വിധം ക്ഷീണിപ്പിച്ചിരുന്നു. എങ്കിലും 75 ശതമാനത്തിലധികം മണ്ണിട്ടു മൂടി. മഖ്ബറയുടെ പരിസരത്ത് കണ്ട രണ്ട് ബംഗ്‌ളാദേശ് പൗരന്‍മാരെ വിളിച്ചു. അവര്‍ ചോദിച്ച കൂലിയും നല്‍കി. പകച്ചു നിന്നിടത്തു നിന്നു ഞൊടിയിടയില്‍ എല്ലാം കഴിഞ്ഞതിന്റെ ആശ്വാസം. അല്ലാഹുവിന് സ്തുതിപറഞ്ഞു!

പ്രവാസ ജീവിതത്തിനിടയില്‍ നിരവധി മയ്യിത്തു ഖബറടക്കുന്നതില്‍ പങ്കാളിയായിട്ടുണ്ട്. നിരവധി പ്രവാസി പ്രശ്‌നങ്ങളില്‍ പൊലീസ് സ്‌റ്റേഷനിലും കോടതികളിലും കയറിയിറങ്ങിയിട്ടുണ്ട്. ഇതുപോലെ ഒരു അനുഭവം മറക്കാനാവില്ല.

ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും ഒരു കരുതല്‍. വീട്ടില്‍ ചെറിയ മകളുണ്ട്. അതുകൊണ്ടാണ് സ്വയം ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചത്. ക്വാരന്റൈനില്‍ സിദ്ദീഖ് തുവ്വൂര്‍ ഒറ്റക്കല്ല; ഒപ്പം പ്രവാസികളുണ്ട്. ഒരുപാട് പ്രാര്‍ത്ഥനകളും!

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top