
റിയാദ്: അപ്രതീക്ഷിതമായിരുന്നു സഫ്‌വാന്റെ വേര്‍പാട്. ഇതിന്റെ നൊമ്പരത്തില്‍ നിന്നു ചെമ്മാട് പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും മുക്തരായിട്ടില്ല. മലപ്പുറം ചെമ്മാട് പുതിയകത്ത് സഫ്‌വാ(41)ന്റെ മയ്യിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും അവര്‍ക്കായില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളും കര്‍ഫ്യൂവും നിലവിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ദുഖം കടിച്ചമര്‍ത്തി താമസ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനയിലായിരുന്നു.
ഈ മാസം നാലിനാണ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഫ്‌വാന്‍ മരിച്ചത്. പനിയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇതിനിടെ ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെയാണ് സഫ്‌വാന്‍ താമസിക്കുന്നതിനടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് തലേദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് പ്രത്യേക മാനദണ്ഡം ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ചുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മയ്യിത്ത് ഖബറടക്കിയത്. സാമൂഹിക പ്രവര്‍ത്തകനും കെ എം സി സി ജീവകാരുണ്യ വിഭാഗം ചെയര്‍മാനുമായ സിദ്ദീഖ് തുവ്വൂര്‍ മാത്രമാണ് ഖബര്‍ സ്ഥാനിലേക്ക് മയ്യിത്തിനെ അനുഗമിച്ചത്. അദ്ദേഹവും ഖബര്‍ സ്ഥാനിലെ രണ്ട് ജീവനക്കാരും ചേര്‍ന്നാണ് മയ്യിത്ത് ഖബറടക്കിയത്. പൊലീസ്, നഗരസഭ, ആരോഗ്യ മന്ത്രാലയം എന്നിവിടങ്ങളിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ, സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് കല്ലുപറമ്പന്‍, മുനീര്‍ മക്കാനി എന്നിവരും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഖബര്‍ സ്ഥാനിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരുന്നില്ല. മരിച്ച സഫ്‌വാന്റെ ഭാര്യ റിയാദില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുളള ഹോട്ടലില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.