Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വിപുല്‍ സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് പകരം ഖത്തറിലെ അംബാസഡറായ വിപുല്‍ ഉടന്‍ റിയാദില്‍ ചുമതലയേല്‍ക്കും. 1998 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്കുള്ള രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്.

ഖത്തറില്‍ തടവിലായിരുന്ന ഇന്ത്യയിലെ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥരെ നയതന്ത്ര ചര്‍ച്ചകളിലൂടെ മോചിപ്പിക്കുന്നതില്‍ കോണ്‍സുലേറ്റിനെ നയിച്ചത് വിപുല്‍ ആയിരുന്നു. 2023 ഓഗസ്റ്റ് മുതല്‍ ദോഹയില്‍ അംബാസഡറാണ്. അതിനുമുമ്പ് 2017 മുതല്‍ 2020 വരെ ദുബായില്‍ കോണ്‍സല്‍ ജനറലായിരുന്നു. അന്ന് പ്രവാസികള്‍ക്കായി ഒട്ടനവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ശ്രദ്ധനേടി. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘വന്ദേ ഭാരത്’ ദൗത്യം യുഎഇയില്‍ വിജയകരമായി നടപ്പാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഡല്‍ഹി ആസ്ഥാനത്ത് ഗള്‍ഫ് രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി, മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഓഫീസില്‍ ഡയറക്ടര്‍, ജോയിന്റ് സെക്രട്ടറി പദവികളും വഹിച്ചു. കെയ്‌റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളിലും വിവിധ പദവികള്‍ വഹിച്ചിരുന്നു. 1994ല്‍ ഐഐടി ഡല്‍ഹിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎ നേടിയാണ് വിപുല്‍ നയതന്ത്രരംഗത്തേക്ക് ചുവടുവെക്കുന്നത്. ഗള്‍ഫ് പ്രവാസി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ പുതിയ നിയമനം സൗദിയിലെ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കു ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top